പൊരിഞ്ഞ കൂലിത്തർക്കത്തിൽ ഉലഞ്ഞ് വലിയങ്ങാടി

Tuesday 12 October 2021 12:02 AM IST

കോഴിക്കോട്: അട്ടിമറിക്കൂലിയെ ചൊല്ലി വലിയങ്ങാടിയിൽ വ്യാപാരികളും ലോറിക്കാരും തമ്മിലുള്ള തർക്കം രൂക്ഷമായി. ചരക്കിറക്ക് കൂലി ലോറിക്കാരിൽ നിന്നാണ് ഇതുവരെ ഈടാക്കിയിരുന്നത്. ഇനി ഈ കൂലി വ്യാപാരികളിൽ നിന്നു പിരിക്കണമെന്ന നിലപാടിലാണ് ലോറി ഉടമ അസോസിയേഷൻ. പക്ഷേ, ഇറക്കുകൂലി ചരക്ക് ഉടമകളിൽ നിന്നോ ചരക്ക് അയക്കുന്നവരിൽ നിന്നോ ഈടാക്കണമെന്ന ആവശ്യമാണ് വ്യാപാരികളുടേത്.

പ്രശ്നപരിഹാരത്തിനുള്ള ചർച്ചയിൽ പങ്കെടുക്കാതെ കത്തു നൽകുന്ന രീതിയാണ് ലോറി ഉടമകൾ തുടരുന്നതെന്ന് വ്യാപാരികൾ ആരോപിക്കുന്നു. കൂലിവർദ്ധനവ് സംബന്ധിച്ച് രണ്ടു വർഷത്തിനിടെ അട്ടിമറി തൊഴിലാളി സംഘടനാ നേതാക്കളുമായി നാലു തവണ ചർച്ച നടന്നിട്ടുണ്ട്. ഇതിലൊന്നും ലോറി ഉടമകൾ പങ്കെടുത്തിട്ടില്ല. തർക്കം നീളുന്നതിനിടെ വ്യാപാരമേഖല സ്തംഭിപ്പിക്കുന്ന നീക്കങ്ങളാണുണ്ടാവുന്നതെന്നും വ്യാപാരികൾ പറയുന്നു. ലോറി ഉടമ പ്രതിനിധികളെ വിളിച്ചുചേർത്ത് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് വലിയങ്ങാടി യൂണിറ്റ് സെക്രട്ടറി ജോസഫ് വലപ്പാട്ട് ആവശ്യപ്പെട്ടു. ക്ഷേമ ബോർഡ് അംഗങ്ങളായ വ്യാപാരി നേതാക്കളും നിയോജകമണ്ഡലം ഭാരവാഹികളും ഉടൻ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യവും ഉയർത്തിയിട്ടുണ്ട്.