വിട പറയും മുമ്പേ

Tuesday 12 October 2021 1:09 AM IST

''നല്ലൊരു വേഷം തേടി ആദ്യമായി ഒരു സംവിധായകനെ കണ്ടത് താങ്കളെയാണ് '' ഒരിക്കൽ നെടുമുടി വേണു അത് പറഞ്ഞപ്പോൾ സംവിധായകൻ മോഹൻ തരിച്ചിരുന്നുപോയി. ആ നിമിഷമാണ് നെടുമുടി വേണുവിന്റെ പെട്ടെന്നുളള വിയോഗം അറിഞ്ഞപ്പോൾ മോഹൻ ഓർത്തത്.

''അന്നു ഞാൻ ഗൗനിച്ചില്ലെന്ന് അദ്ദേഹം തമാശയായി പറഞ്ഞു. അക്കാര്യം ജോൺ പോളിനോടും പറഞ്ഞു. മന:പൂർവ്വമാകില്ലെന്നും ചിലപ്പോൾ മോഹൻ അങ്ങനെയാണെന്നും ജോൺപോൾ പറഞ്ഞതോടെ വേണുവിന് വിഷമം മാറി. 1981 ൽ പുറത്തിറങ്ങിയ വിട പറയും മുമ്പേ എന്ന എന്റെ സിനിമയ്ക്ക് കണ്ടുവച്ചത് വേണുവിനെയായിരുന്നു. എല്ലാ നടന്മാരുമായും വലിയ ബന്ധമുണ്ടായിരുന്നില്ല.

തകര കണ്ടപ്പോഴാണ് വേണു മനസിൽ കുടിയേറുന്നത്. ജോൺപോളും വേണുവിനെ സജസ്റ്റ് ചെയ്തു. വല്ലാത്ത സർഗാത്മകതയുള്ള പെർഫോർമർ ആയിരുന്നുവെന്ന് ആ സിനിമയിൽ തന്നെ വേണു എനിക്ക് ബോദ്ധ്യമാക്കിത്തന്നു. വേണുവിനെക്കൊണ്ടേ ആ വേഷം സാദ്ധ്യമാകൂവെന്ന് തിരിച്ചറിഞ്ഞു. വിടപറയും മുമ്പേ ഒരു സെൻസെറ്റീവ് സിനിമയാണ്. അതിന് വേണുതന്നെ വേണമായിരുന്നു. വേണുവിന്റെ പ്രകടനം കമലഹാസനെ അടക്കം അതിശയിപ്പിച്ചിരുന്നതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. അനുദിനം മരണത്തോട് അടുത്തുകൊണ്ടിരിക്കുന്ന മാരകരോഗിയായ സേവ്യറിന്റെ കഥയാണ് വിടപറയും മുമ്പേ എന്ന സിനിമ പറയുന്നത്. മരണം അടുത്തു എന്നറിഞ്ഞിട്ടും സന്തോഷവാനാകുകയും ലഭിക്കാത്ത ജീവിതത്തെക്കുറിച്ച് കൊച്ചു നുണകൾ പറയുകയും ചെയ്യുന്ന സേവ്യർ എന്ന കഥാപാത്രം നെടുമുടി വേണുവിന്റെ അഭിനയജീവിതത്തിലെ ഒരു മികച്ച കഥാപാത്രമായി.

'മംഗളം നേരുന്നു' എന്ന സിനിമയിലും നന്നായി തിളങ്ങി. എന്റെ 23 സിനിമകളിൽ 11 ലും വേണുവുണ്ട്. വിടപറയും മുമ്പേ, ആലോലം, രചന, ശ്രുതി, ഇളക്കങ്ങൾ, തീർത്ഥം, അങ്ങനെ ഒരവധിക്കാലത്ത്, സാക്ഷ്യം, ഇസബെല്ല, ഒരു കഥ ഒരു നുണക്കഥ... ഈ സിനിമകളിലെല്ലാം വേണുവിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. രണ്ടു മാസം മുൻപ് തിരുവനന്തപുരത്തുവച്ച് വേണുവിനെ കണ്ടിരുന്നു. ഞായറാഴ്ച രാത്രിയും അദ്ദേഹത്തിന്റെ രോഗവിവരത്തെക്കുറിച്ച് ഞാൻ ചോദിച്ചറിഞ്ഞു. ഒരാഴ്ച മുൻപ് നേരിട്ട് സംസാരിച്ചതാണ്. അന്നൊന്നും യാതൊരു പ്രശ്‌നങ്ങളും തോന്നിയില്ല. ഇത്ര പെട്ടെന്ന് വിട്ടുപോകുമെന്ന് വിചാരിച്ചില്ല. ''

Advertisement
Advertisement