ആദ്യം ലേഖകൻ, പിന്നെ സിനിമ കീഴടക്കിയ നടൻ

Tuesday 12 October 2021 1:16 AM IST
ആരവത്തിൽ നെടുമുടി വേണു

തിരുവനന്തപുരം: കാലം 1978. കാവാലം നാരായണപ്പണിക്കരുടെ സോപാനം കളരിയിൽ വേണു എത്തിയ നാളുകൾ. തലസ്ഥാനത്ത് കഴിയണം. വരുമാനമൊന്നുമില്ല. കാവാലം നേരെ കൂട്ടിക്കൊണ്ടു പോയത് പേട്ടയിലെ കേരളകൗമുദി ഓഫീസിലേക്ക്. അങ്ങനെയാണ് കാലാകൗമുദി ആഴ്ചപ്പതിപ്പിന്റെ ലേഖകനാകുന്നത്.

ഫിലിം മാഗസിൻ തുടങ്ങിയപ്പോൾ അതിന്റെയും ലേഖകൻ.

ഫിലിം മാഗസിനായി അഭിമുഖത്തിന് പോയപ്പോഴാണ് ഭരതനെ ആദ്യം കാണുന്നത്. അതു പിന്നെ അടുത്ത സൗഹൃദമായി വളർന്നു. പദ്മരാജനും കടമ്മനിട്ടയുമൊക്കെ ചേർന്ന കൂട്ടയ്മ. ആ സൗഹൃദത്തിന്റെ ബലത്തിലാണ് രണ്ടാമത്തെ ചിത്രമായ 'ആരവ'ത്തെ കുറിച്ച് ഭരതൻ പറഞ്ഞത്. നായക കഥാപാത്രത്തിന്റെ പേര് മരുത്. മരുത് ആയി ഭരതൻ കണ്ടിരിക്കുന്നത് കമലഹാസനെ.

ഒരു ദിവസം പദ്മരാജൻ ഭരതനോട് പറഞ്ഞു. ''വേണു മികച്ച നടനാണ്. പണിക്കർ സാറിന്റെ (കവാലം നാരാണപണിക്കർ) കളരിയിലെ പ്രധാന നടൻ.''

അടുത്ത കൂടിക്കാഴ്ചയിൽ ഭരതന്റെ ചോദ്യം '' വേണുവിന് മരുത് ആകാമോ ''. വേണു സസന്തോഷം ഏറ്റെടുത്തു. വേണുവിന്റെ മരുത് ഏറെ പ്രശംസിക്കപ്പെട്ടു.

എന്നിട്ടും സിനിമയാണ് തന്റെ മേഖലയെന്ന് വേണു തീരുമാനിച്ചില്ല. പത്രപ്രവർത്തനത്തോട് അത്രയേറെ ഇഷ്ടമായിരുന്നു. ഭരതന്റെ ഓഫർ കേട്ടപ്പോൾ വലിയ ആവേശമൊന്നും തോന്നിയില്ലെന്ന് പിന്നീട് നെടുമുടി പറഞ്ഞിട്ടുണ്ട്. ''സിനിമാഭിനയം അന്ന് ഭ്രമമുള്ള കാര്യമേ ആയിരുന്നില്ല. ഇഷ്ടമുള്ള നാടകലോകം കൂടെയുണ്ട്. വരുമാനത്തിനു പത്രപ്രവർത്തനവുമുണ്ട്. പക്ഷേ, 'തമ്പി'ലെ പ്രധാന കഥാപാത്രത്തിന് വേണ്ടി അരവിന്ദൻ എന്നെ പിടികൂടി. അതും കഴിഞ്ഞാണ് 'ആരവം' വരുന്നത്.''

പത്രപ്രവർത്തനം വിട്ട് സിനിമയിലേക്ക് പൂർണമായും കടക്കണമെന്നു തോന്നാൻ പത്തു പതിനഞ്ചു സിനിമ കഴിയേണ്ടിവന്നു. 'തകര' കഴിഞ്ഞും പത്രപ്രവർത്തനം തുടർന്നിരുന്നു.

സിനിമയിലെ തിരക്കു കൂടിയപ്പോൾ ആറു വർഷത്തിനുശേഷമാണ് പത്രപ്രവർത്തനം ഉപേക്ഷിച്ചത്. പിന്നെ നാലര പതിറ്റാണ്ടോളം സിനിമ നെടുമുടിയെ വിട്ടില്ല. ഇന്ത്യൻ സിനിയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി വളർന്നു. മലയാളത്തിലും തമിഴിലുമായി 500ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. സംവിധാനം, തിരക്കഥ എന്നിവയിലും പ്രതിഭ തെളിയിച്ചു.

Advertisement
Advertisement