കൽക്കരി ക്ഷാമം: കുതിച്ചുകയറി ക്രൂഡോയിൽ വില

Tuesday 12 October 2021 3:21 AM IST

 ബ്രെന്റ് ക്രൂഡ് വില 90 ഡോളറിലേക്ക്

 അമേരിക്കൻ ക്രൂഡ് വില 7 വർഷത്തെ ഉയരത്തിൽ

കൊച്ചി: ഉപഭോഗത്തിന്റെ മുന്തിയപങ്കിനും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ആശങ്കയുമായി ക്രൂഡോയിൽ വില കുതിച്ചുകയറുന്നു. ആഗോളതലത്തിൽ കൽക്കരി ക്ഷാമം രൂക്ഷമായതും പ്രകൃതിവാതക വില കുത്തനെ കൂടിയതുംമൂലം ക്രൂഡോയിലിന് വൻതോതിൽ ഡിമാൻഡ് ഉയർന്നതാണ് നിലവിലെ വിലക്കയറ്റത്തിന് കാരണം.

അമേരിക്കൻ ക്രൂഡ് വില (ഡബ്ള്യു.ടി.ഐ) ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് ബാരലിന് 2.09 ശതമാനം വർദ്ധനയുമായി 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയായ 81.15 ഡോളറിലെത്തി. 35.79 ഡോളറായിരുന്നു കഴിഞ്ഞവർഷം ഒക്‌ടോബറിൽ വില. ബ്രെന്റ് ക്രൂഡ് വില മൂന്നുവർഷത്തെ ഉയരമായ 84.34 ഡോളറിലും ഇന്നലെയെത്തി; വർദ്ധന 2.35 ശതമാനം. 2020 ഒക്‌ടോബറിൽ വില 37.94 ഡോളറായിരുന്നു.

ഉപഭോഗത്തിന്റെ 85 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള ബ്രെന്റ് ക്രൂഡാണ് ഇന്ത്യ കൂടുതലായും വാങ്ങുന്നത്. ഇന്ത്യയുടെ വാങ്ങൽവില (ഇന്ത്യൻ ബാസ്‌കറ്റ്) ഇപ്പോൾ ബാരലിന് 78.51 ഡോളറാണ്; ഇത് നാലുദിവസം മുമ്പത്തെ കരാർ പ്രകാരമുള്ള വിലയാണ്. ഇന്നലത്തെ ബ്രെന്റ് വിലക്കുതിപ്പിന് ആനുപാതികമായ വർദ്ധന ഇന്ത്യൻ ബാസ്‌കറ്റിൽ വരുംദിവസങ്ങളിലുണ്ടാകും. ഇത്, ഇപ്പോഴേ സെഞ്ച്വറി കടന്ന പെട്രോൾ, ഡീസൽ വില കൂടുതൽ ഉയരാൻ വഴിയൊരുക്കും.

ക്രൂഡിന് നല്ല ഡിമാൻഡ്

ചൈനയും ഇന്ത്യയും യൂറോപ്പുമടക്കം ലോകത്തിന്റെ പലഭാഗങ്ങളും രൂക്ഷമായ കൽക്കരി ക്ഷാമം നേരിടുകയാണ്. ചൈനയിൽ മാത്രം പ്രകൃതിക്ഷോഭവും കനത്ത മഴക്കെടുതിയും മൂലം 60ഓളം കൽക്കരി ഖനികൾ പൂട്ടിയത് വൻ തിരിച്ചടിയായി. യൂറോപ്പിൽ പ്രകൃതിവാതക വിലയും കുത്തനെ കൂടി.

ഈ പശ്ചാത്തലത്തിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അയയ്ഞ്ഞതിനാലും ലഭിച്ച വമ്പൻ ഡിമാൻഡാണ് ക്രൂഡോയിലിന് വിലക്കുതിപ്പുണ്ടാക്കുന്നത്. ആനുപാതികമായി ഉത്‌പാദനം കൂട്ടാൻ ഒപെക് തയ്യാറായിട്ടില്ലെന്നതും വിലവർദ്ധനയുടെ ആക്കം കൂട്ടുന്നു. കൽക്കരി ക്ഷാമംമൂലം മാത്രം പ്രതിദിനം 20 ലക്ഷം ബാരലിന്റെ ആവശ്യകതയാണ് ലോകത്തുണ്ടായിട്ടുള്ളത്.

Advertisement
Advertisement