വിചാരണയിൽ താരങ്ങളായി സ്നേക്ക് മാസ്റ്ററും വാവ സുരേഷും

Tuesday 12 October 2021 2:24 AM IST

കൊല്ലം: ഉത്ര വധക്കേസിൽ നിർണായക സാക്ഷിയാണ് കൗമുദി ടി.വിയിലെ 'സ്നേക്ക് മാസ്റ്റർ' പരിപാടിയുടെ അവതാരകനായ വാവ സുരേഷ്. ഉത്രയുടേത് കൊലപാതകമാവാൻ സാദ്ധ്യതയുണ്ടെന്ന് ആദ്യം പറഞ്ഞത് സ്നേക്ക് മാസ്റ്ററിലൂടെ വാവ സുരേഷാണ്.

ഉത്ര കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം വാവ സുരേഷും സംഘവും ഷൂട്ടിംഗിനായി അഞ്ചലിലെത്തിയിരുന്നു. അവിടെവച്ചാണ് മുൻപൊരിക്കൽ അണലിയുടെ കടിയേറ്റ പെൺകുട്ടി കഴിഞ്ഞ ദിവസം മൂർഖന്റെ കടിയേറ്റ് മരിച്ചെന്ന് അറിഞ്ഞത്. അണലി വീടിന്റെ രണ്ടാമത്തെ നിലയിൽ ഇഴഞ്ഞു കയറി കടിക്കാൻ സാദ്ധ്യതയില്ലെന്നും ആരോ കൊണ്ടിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചതാകാമെന്നും വാവ തറപ്പിച്ചു പറഞ്ഞു. മൂർഖന്റെയോ അണലിയുടെയോ കടിയേറ്റുകഴിഞ്ഞാൽ, കഠിനമായ വേദന ഉണ്ടാകുമെന്നും ഉറക്കത്തിലാണ് സംഭവിച്ചതെങ്കിൽ മയക്കിക്കിടത്തിയ ശേഷമാകാം കടിപ്പിച്ചതെന്നും വാവ പറഞ്ഞു.

പിന്നീട്, ഇക്കാര്യം ശാസ്ത്രീയമായി വ്യക്തമാക്കാൻ വാവ സുരേഷ് ഉത്രയുടെ വീട്ടിലെത്തി സ്നേക്ക് മാസ്റ്ററിന്റെ പ്രത്യേക പ്രോഗ്രാം തയ്യാറാക്കി. മുറിയിൽ പാമ്പ് ഇഴഞ്ഞു കയറിയതിന്റെ പാടുകളില്ലെന്നും നടന്നത് കൊലപാതകമാണെന്നും ലോകത്തോട് വിളിച്ചു പറഞ്ഞു. സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് അന്വേഷണ സംഘത്തിന് വലിയ ആയുധമായി. വാവയെ കേസിൽ സാക്ഷിയാക്കി. വിസ്താര വേളയിലും വാവയുടെ മൊഴികൾ നിർണായകമായി. സൂരജ് കുറ്റക്കാരൻ എന്ന് തെളിയിക്കാൻ വാവ സുരേഷിന്റെ മൊഴി ഏറെ സഹായകരമായതായി സ്പെഷ്യൽ പ്രോസിക്യൂട്ടർ മോഹൻരാജ് പറഞ്ഞു.

 തെളിവായി ഏഴ്

എപ്പിസോഡുകൾ

ഉത്രവധക്കേസിൽ സ്നേക്ക് മാസ്റ്രറിന്റെ ഏഴ് എപ്പിസോഡുകൾ പ്രധാന തെളിവായി കോടതി സ്വീകരിച്ചിട്ടുണ്ട്. ഉത്രയുടെ വീട്ടിലെത്തി വാവ സുരേഷ് നടത്തിയ പരീക്ഷണവും പാമ്പുകളുടെ സ്വഭാവ സവിശേഷതകൾ വ്യക്തമാക്കുന്ന മറ്റ് എപ്പിസോഡുകളുമാണ് തെളിവായത്.