മൂർഖന്റെ വിഷപ്പല്ലും സൂരജെന്ന 'വിഷ'വും

Tuesday 12 October 2021 2:26 AM IST

കൊല്ലം: മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഉത്രയെ സൂരജ് മൂർഖനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്. ആദ്യ രണ്ട് ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ കൂടുതൽ സൂക്ഷ്മതയോടെ മൂന്നാം തവണ കൃത്യം നടപ്പാക്കുകയായിരുന്നു. അതിബുദ്ധിയും സ്വത്തിനോടുള്ള ആർത്തിയും സൂരജിനെ വരിഞ്ഞുമുറുക്കി.

ആദ്യം അണലി

ഫെബ്രുവരിയിലാണ് പാമ്പ് പിടിത്തക്കാരൻ സുരേഷിൽ നിന്നു സൂരജ് അണലിയെ വാങ്ങിയത്. ഫെബ്രുവരി അവസാനം അടൂരുള്ള സൂരജിന്റെ വീട്ടിൽ വച്ച് ഉത്രയെ അണലിയെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. സ്റ്റെപ്പിൽ അണലിയെ ഇട്ട ശേഷം മുകളിലത്തെ നിലയിൽ പോയി

ഫോണെടുത്തു വരാൻ ഉത്രയോടു പറഞ്ഞു. സ്റ്റെപ്പിൽ പാമ്പിനെക്കണ്ട് ഉത്ര പിന്തിരിഞ്ഞോടി. സൂരജ് പാമ്പുമായി പുറത്തിറങ്ങി കാറിന്റെ ഡിക്കിയിൽ കുപ്പിയിലാക്കി സൂക്ഷിച്ചു.

മാർച്ച് 2ന് അടൂരിലെ വീട്ടിൽ വച്ച് സന്ധ്യയോടെ ഉത്രയ്ക്ക് പായസത്തിൽ മയക്കുമരുന്ന് കലർത്തി നൽകി. രാത്രി പതിനൊന്നോടെ കാറിൽ നിന്നു അണലിയെ എടുത്ത് ഉത്രയുടെ പുറത്തേക്കിട്ടു. ഉടൻ ഉത്രയുടെ കാലിൽ കടിച്ചു. വേദനിക്കുന്നതായി പറഞ്ഞെങ്കിലും ഗൗനിച്ചില്ല. നിലവിളിച്ചതോടെ വീട്ടുകാർ ഉണർന്നു. വീട്ടിൽ രണ്ട് കാറുണ്ടായിട്ടും സമയം നഷ്ടപ്പെടുത്താനായി സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ദിവസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം ഉത്ര അഞ്ചലിലെ വീട്ടിലേക്ക് പോയി.

പിന്നെ മൂർഖൻ

മേയ് 7ന് രാവിലെയാണ് ഉത്രയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എ. അശോകൻ പറയുന്നത്: കുപ്പിയിലടച്ച പാമ്പിനെ ബാഗിലാക്കി ആറിന് സൂരജ് ഉത്രയുടെ വീട്ടിലെത്തി. സന്ധ്യയ്ക്ക് ആറോടെ ജ്യൂസിൽ ഉത്രയ്ക്ക് മയക്കുമരുന്ന് കലർത്തി നൽകി. അന്ന് രാത്രി 11ഓടെ കുപ്പിയെടുത്ത് മൂർഖനെ നിലത്തേക്കിട്ടു. പിന്നെ വാലിൽ പിടിച്ച് പൊക്കിയെടുത്ത ശേഷം വടി കൊണ്ട് തലയ്ക്കടിച്ച് പ്രകോപിപ്പിച്ചു. അതിന് ശേഷം പത്തിയിൽ മുറുകെപ്പിടിച്ച് ഉത്രയുടെ കൈയിൽ രണ്ട് തവണ കടിപ്പിച്ചു. മയക്കുമരുന്ന് ഉള്ളിൽ ചെന്നിരുന്നതിനാൽ ഉത്ര വേദന അറിഞ്ഞില്ല. നിലത്തേക്കിട്ട പാമ്പ് ഇഴഞ്ഞ് മുറിയുടെ മൂലയിലേക്ക് പോയി. അതിന് ശേഷം സൂരജ് കട്ടിലിൽ കയറി ഇരുന്നു.

തകർത്ത

അഭിനയം

ഉത്രയുടെ സഹോദരൻ വിഷു പറയുന്നത്: സാധാരണ രാവിലെ എട്ടു വരെ ഉറങ്ങാറുള്ള സൂരജ് ഏഴിന് അതിരാവിലെ ഉണർന്നു. ഉമ്മറത്തെത്തി ഉത്രയുടെ അച്ഛനുമായി സംസാരിച്ചിരുന്നു. അമ്മ ഉത്രയെ മുറിയിലെത്തി വിളിച്ചെങ്കിലും ഉണർന്നില്ല. ഇതോടെ അമ്മ നിലവിളിച്ചു. ഉടനെ താനും അച്ഛനും മുറിയിലേക്ക് ചെന്നു. സൂരജും മുറിയിലെത്തി. ഉടനെ ആശുപത്രിയിൽ കൊണ്ടുപോയി. കാഷ്വാലിറ്റിയിൽ കയറിയ സൂരജ് ഉത്രയെ എന്തോ കടിച്ചതാണെന്ന് ഡോക്ടർ പറഞ്ഞെന്നും, ഉടൻ വീട്ടിൽ പോയി പരിശോധിക്കണമെന്നും പറഞ്ഞു. താനും സൂരജും വീട്ടിലെത്തി. ഡ്രസിംഗ് റൂമിലെ അലമാരയ്ക്കിടയിൽ ഒളിഞ്ഞിരുന്ന പാമ്പിനെ സൂരജ് ചൂണ്ടിക്കാട്ടി. താൻ അടിച്ചുകൊന്ന ശേഷം അച്ഛനെ വിളിച്ച് മൂർഖൻ പാമ്പാണ് കടിച്ചതെന്ന് പറഞ്ഞു. അപ്പോൾ അവൾ പോയെന്നായിരുന്നു കരഞ്ഞുകൊണ്ടുള്ള അച്ഛന്റെ മറുപടി.

ആശുപത്രിയിൽ നിന്നും ഉത്രയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുമ്പോഴും സംസ്കാര കർമ്മങ്ങൾ നടക്കുന്നതിനിടയിലും സൂരജ് ഇടയ്ക്കിടെ ഉച്ചത്തിൽ നിലവിളിച്ചു. ഘാതകൻ സൂരജ് തന്നെയെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടും, സൂരജ് നിലവിളിയും അഭിനയവും തുടർന്നു.