ആദിവാസികൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി അട്ടപ്പാടി ഫാമിംഗ് സൊസൈറ്റി

Wednesday 13 October 2021 12:07 AM IST

അട്ടപ്പാടി ഫാമിംഗ് സൊസൈറ്റിയിൽ ജോലിചെയ്യുന്ന തൊഴിലാളികൾ.

അട്ടപ്പാടി: ആദിവാസികൾക്ക് ഭക്ഷ്യസുരക്ഷയും ജീവിതനിലവാരവും ഉറപ്പാക്കി അട്ടപ്പാടി ഫാമിംഗ് സൊസൈറ്റി. 1975ൽ പശ്ചിമഘട്ട വികസന പദ്ധതിയുടെ ഭാഗമായി ഭൂരഹിത പട്ടികവർഗ വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനാണ് ഫാമിംഗ് സൊസൈറ്റി ആരംഭിക്കുന്നത്.

സൊസൈറ്റിയുടെ കീഴിൽ ചിണ്ടക്കി, കരുവാര, പോത്തപ്പാടി, വരടിമല തുടങ്ങി നാല് ഫാമുകളാണ് അട്ടപ്പാടി മേഖലയിൽ പ്രവർത്തിക്കുന്നത്. നാല് ഫാമുകളിലായി 1092 ഹെക്ടറിൽ കുരുമുളക്, കാപ്പി, ഏലം, ജാതി ഉൾപ്പെടെയുള്ള സുഗന്ധവ്യജ്ഞനങ്ങൾ, നാരകം, വാഴ, ഇഞ്ചി, മഞ്ഞൾ, കുടമ്പുളി, ജാതി, പപ്പായ ഉൾപ്പടെയുള്ള ഇടവിളകളാണ് കൃഷി ചെയ്യുന്നത്.

കൂടാതെ മത്സ്യകൃഷിയുമായി ബന്ധപ്പെട്ട് ചിണ്ടക്കി ഫാമിൽ 10000 മത്സ്യകുഞ്ഞുങ്ങളെ കൃഷിക്കായി നിക്ഷേപിക്കുകയും പോത്തിപ്പാടി ഫാമിൽ പുതിയതായി ക്യാഷ്യു പ്ലാന്റേഷനും ആരംഭിച്ചിട്ടുണ്ട്. നാല് ഫാമുകളിലായി നേഴ്സറികളും പ്രവർത്തിക്കുന്നുണ്ട്. ലോകത്തെ മികച്ച പത്ത് ജൈവ കാപ്പി ഇനത്തിൽ അട്ടപ്പാടി ഫാമിംഗ് സൊസൈറ്റിയുടെ കാപ്പിയും ഒന്നായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അട്ടപ്പാടി കാപ്പിക്ക് കോഫി ബ്രാൻഡിംഗിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞവർഷം പട്ടികവർഗ വികസന വകുപ്പിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ അനുവദിച്ച രണ്ട് കോടി രൂപയിൽ കൃഷി കൂടുതൽ വിപുലപ്പെടുത്തിയിരുന്നു.

ഇത്തവണ പ്രതീക്ഷ 50 ശതമാനം അധികവിളവ്

കഴിഞ്ഞ വർഷത്തേക്കാൾ 50 ശതമാനം അധികവിളവാണ് ഫാമിംഗ് സൊസൈറ്റി ഇത്തവണ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കുടുംബശ്രീ, പട്ടികവർഗ വികസനവകുപ്പ് എന്നിവയുടെ വിപണന മേളകൾ, ഫാമിന്റെ ഔട്ട് ലെറ്റുകൾ എന്നിവയിലൂടെയാണ് പ്രധാനമായും വിപണനം കണ്ടെത്തുന്നത്. കൃഷിവകുപ്പ്, മണ്ണുത്തി കാർഷിക സർവകലാശാല, കോഴിക്കോടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പൈസസ് റിസർച്ച് എന്നിവയുമായി സഹകരിച്ച് കൃഷി കൂടുതൽ ശാസ്ത്രീയമാക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിച്ചു വരുകയാണ്.

പരീക്ഷണാടിസ്ഥാനത്തിൽ തേനീച്ച വളർത്തലും ആരംഭിച്ചിട്ടുണ്ട്. നാല് ഫാമുകളിലായി 250 ലധികം തൊഴിലാളികളുണ്ട്. സീസണിൽ 400 മുതൽ 500 വരെ തൊഴിലാളികൾ ഫാമിൽ ജോലി ചെയ്യും. 350 രൂപയാണ് ഒരാളുടെ കൂലി. പി.എഫ് ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ, മരണാനന്തര ആനുകൂല്യങ്ങൾ, മഴക്കോട്ടുകൾ എന്നിവയും നൽകുന്നുണ്ട്. കൂടാതെ ഫാമിലേക്ക് തൊഴിലാളികൾക്ക് യാത്ര സൗകര്യവും സൊസൈറ്റി ഉറപ്പാക്കുന്നുണ്ട്.

- രാജേഷ് കുമാർ, പ്രസിഡന്റ്, അട്ടപ്പാടി കോ- ഓപറേറ്റീവ് ഫാമിംഗ് സൊസൈറ്റി

Advertisement
Advertisement