രണ്ടാംഘട്ട കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ് പുരോഗമിക്കുന്നു
പാലക്കാട്: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ടാംഘട്ട ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരമുള്ള കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ് ജില്ലയിൽ പുരോഗമിക്കുന്നു. ഒക്ടോബർ ആറിന് ആരംഭിച്ച കുത്തിവയ്പിൽ നാലുദിവസത്തിനുള്ളിൽ 18959 കാലികളെ കുത്തിവയ്പ് നടത്തി. നവംബർ മൂന്ന് വരെ 21 പ്രവൃത്തി ദിവസങ്ങളാണ് കുത്തിവയ്പ് നടത്തുക.
അതത് പഞ്ചായത്ത്, നഗരസഭാ തലത്തിൽ അനുയുക്തമായ രീതിയിൽ വീടുകൾ തോറും സന്ദർശിച്ച് നാലു മാസത്തിന് മുകളിൽ പ്രായമുള്ള പശുക്കൾ, എരുമ, പോത്ത് എന്നിവയ്ക്ക് പൂർണമായും സൗജന്യമായി കുത്തിവയ്പ് നടത്തും. കുത്തിവയ്പിന് വിധേയമാക്കുന്ന എല്ലാ മൃഗങ്ങൾക്കും 12 അക്ക തിരിച്ചറിയൽ ടാഗുകളും നൽകും.
ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരും അറ്റൻഡർമാരും ഉൾപ്പെടുന്ന 208 സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് ജില്ലയിൽ പ്രതിരോധ കുത്തിവയ്പ് നടത്തുന്നത്. സ്‌ക്വാഡുകൾക്ക് ആവശ്യമായ പരിശീലനം നൽകിയാണ് പ്രവർത്തനം. വാക്സിനേഷൻ നടത്തിയ മൃഗങ്ങളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യും.
- ജില്ലയിൽ ആകെ കന്നുകാലികൾ: 1,76864 എണ്ണം
- ഇതുവരെ കുത്തിവയ്പ്പു നടത്തിയത്: 18959 എണ്ണം
- ആകെ സ്‌ക്വാഡുകൾ: 208
- നഷ്ടപരിഹാരം ഇങ്ങനെ
കാലികളിൽ വാക്സിനേഷൻ മൂലമുണ്ടാകുന്ന അത്യാഹിതങ്ങൾക്ക് (അബോർഷൻ, മരണം എന്നിവ) അർഹമായ നഷ്ടപരിഹാരം ക്ഷീരകർഷകർക്ക് നൽകും. അബോർഷൻ സംഭവിച്ചാൽ- 7000 രൂപയുെ മരണത്തിന് 30,000 രൂപയുമാണ് നൽകുക.
- കുളമ്പ് രോഗം
.കന്നുകാലികളിൽ ബാധിക്കുന്ന വൈറസ് രോഗം.
.ബാധിക്കുന്നത് പശു, എരുമ, ആട്, പന്നി തുടങ്ങിയ ഇരട്ടക്കുളമ്പുള്ള മൃഗങ്ങളിൽ.
.കുളമ്പിലും അകിടിലും വായിലും വ്രണം. .നേരിട്ടുള്ള സമ്പർക്കം, വായു, വെള്ളം, തീറ്റ, അണുബാധയേറ്റ വസ്തുക്കൾ തുടങ്ങിയവയിലൂടെ രോഗം പകരും. .ശക്തമായ പനി, വായിൽ നിന്നും നുരയും പതയും, ഉമിനീരൊലിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ.
ജില്ലയിലാകെ 1,76864 (എരുമ, പോത്ത് ഉൾപ്പെടെ) കന്നുകാലികളാണുള്ളത്. നൂറ് ശതമാനം മൃഗങ്ങളെയും പ്രതിരോധത്തിന് സജ്ജരാക്കുക എന്നതാണ് മൃഗസംരക്ഷണ വകുപ്പിന്റെ പ്രധാന ലക്ഷ്യം. അതിന് എല്ലാ ക്ഷീരകർഷകരും ഉരുക്കളെ പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കി കുളമ്പുരോഗം തുടച്ച് നീക്കുന്നതിന് പങ്കാളികളാവണം.
ഡോ. ജോജു ഡേവിസ്, പി.ആർ.ഒ, ജില്ലാ മൃഗസംരക്ഷണ വകുപ്പ്, പാലക്കാട്.