ശനിവരെ മഴ തുടരും, കാലംതെറ്റിയ മഴയിൽ 4 ജീവൻ പൊലിഞ്ഞു, രണ്ടു കുഞ്ഞുങ്ങൾ മരിച്ചത് ഉറങ്ങവേ വീട് തകർന്ന്

Wednesday 13 October 2021 1:40 AM IST

തിരുവനന്തപുരം: കനത്ത നാശനഷ്ടം വിതച്ച് രണ്ടു ദിവസമായി പെയ്ത കാലംതെറ്റിയ മഴയിൽ ഇന്നലെ നഷ്ടപ്പെട്ടത് നാലു ജീവനുകൾ. വ്യാപക കൃഷിനാശവും സംഭവിച്ചു. മഴയ്ക്ക് കാരണമായ അറബിക്കടലിലെ ചക്രവാതച്ചുഴി രണ്ടുദിവസംകൂടി നിലനിൽക്കാനാണ് സാദ്ധ്യത. മദ്ധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെട്ടേക്കും.

മലപ്പുറം കൊണ്ടോട്ടിയിൽ പള്ളിക്കൽ മാതംകുളത്ത് അബൂബക്കർ സിദ്ധിഖ്-സുമയ്യ ദമ്പതികളുടെ മക്കളായ ദിയാന ഫാത്തിമയും (7)​ ലുബാന ഫാത്തിമയും (ആറ് മാസം) ഉറങ്ങിക്കിടക്കവേ, വീടിന്റെ ഭിത്തി തകർന്ന് മരിച്ചു.

കൊല്ലം ആര്യങ്കാവ് നാഗമല ക്ഷേത്രത്തിലെ പൂജാരി ഗോവിന്ദ രാജ് (65) മലവെള്ളപ്പാച്ചിലിൽ നിന്ന് രക്ഷപെടാൻ ക്ഷേത്രത്തിൽ നിന്ന് ഇറങ്ങിയോടവേ തടിപ്പാലം തകർന്ന് ഒഴുക്കിൽപ്പെട്ടാണ് മരിച്ചത്.

ചേർത്തല കടക്കരപ്പള്ളിയിൽ അംഗപരിമിതനായ ചിറയിൽ വാസുദേവൻ (70) വീട്ടിലേക്കു പോകവേ, വെള്ളം നിറഞ്ഞു കിടന്ന പാടത്തിൽ വീണു മരിച്ചു. മദ്ധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശനിവരെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തൃശൂർ ജില്ലയിൽ നൂറു കണക്കിന് വീടുകളിൽ വെള്ളം കയറി.പെരിങ്ങൽകുത്ത്, ഷോളയാർ, പറമ്പിക്കുളം ഡാമുകൾ തുറന്നതോടെ ചാലക്കുടി പുഴ കരകവിഞ്ഞാണ് കൂടുതൽ വീടുകൾ വെള്ളത്തിലായത്. ദുരന്തനിവാരണ സേനയെ രംഗത്തിറക്കി. മലക്കപ്പാറ റോഡ് അടച്ചു. ചാലക്കുടി റെയിൽവേ അടിപ്പാത വെള്ളക്കെട്ടിലായി. ഗുരുവായൂർ ക്ഷേത്ര പരിസരവും വെള്ളക്കെട്ടിലമർന്നു. അട്ടപ്പാടിയിൽ ചുരം റോഡിലേക്ക് മലവെള്ളം വന്നിറങ്ങി. മണ്ണാർക്കാട് ആശുപത്രിയിലേക്കുള്ള രോഗികളടക്കം നിരവധിയാളുകൾ വഴിയിൽ കുടുങ്ങി.

മലമ്പുഴ, കാഞ്ഞിരപ്പുഴ, മീങ്കര ഡാമുകൾ ഇന്ന് തുറന്നേക്കും. എറണാകുളത്ത് പെരിയാറി​ൽ വെള്ളമുയർന്ന് ആലുവ മണപ്പുറവും ശിവക്ഷേത്രവും മുങ്ങി​. ആലപ്പുഴ നഗരത്തിലെ കിഴക്കൻ പ്രദേശങ്ങളിലും കുട്ടനാട്ടിലും വീടുകളിൽ വെള്ളം കയറി. റോഡുകൾ മുങ്ങി.കൊല്ലം തെന്മല ഡാമിൽ വെള്ളം നിറഞ്ഞതോടെ മൂന്നു ഷട്ടറുകൾ 30സെന്റീമീറ്റർ ഉയർത്തി.

കോഴിക്കോട് നഗരത്തിൽ മാവൂർ റോഡിലുൾപ്പടെ വെള്ളം കയറി.

കണ്ണൂർ ആറളം, ആലക്കോട്, ശ്രീകണ്ഠപുരം മേഖലയിൽ വ്യാപക മണ്ണിടിച്ചിൽ. മരങ്ങളും വൈദ്യുത പോസ്റ്റുകളും കടപുഴകി. കർണാടക വനമേഖലയിലെ ഉരുൾപൊട്ടലിനെ തുടർന്ന് പയ്യാവൂരിൽ പുഴകൾ കരകവിഞ്ഞു. കാട്ടാന പയ്യാവൂരിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് ചരിഞ്ഞു.

ഓറഞ്ച് അലർട്ട്

ഇന്ന്: എറണാകുളം, ഇടുക്കി, തൃശൂർ,പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട്

വ്യാഴം: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

വെളളി: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

യെല്ലോ അലർട്ട്

ഇന്ന്: ആലപ്പുഴ, കോട്ടയം

വ്യാഴം: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,കണ്ണൂർ,കാസർകോട്

വെളളി: കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി, കണ്ണൂർ, കാസർകോട്

ശനി: ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

Advertisement
Advertisement