രാഷ്ട്രീയ ചോദ്യങ്ങൾ പാടില്ല, ഒഴിവാക്കും: സ്‌പീക്കർ
തിരുവനന്തപുരം: നിയമസഭയിൽ രാഷ്ട്രീയ ചോദ്യങ്ങൾ പാടില്ലെന്ന കർശന നിർദ്ദേശവുമായി സ്‌പീക്കർ എം.ബി. രാജേഷ്. ഇത് ചട്ടലംഘനമാണ്. പലവട്ടം ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും എം.എൽ.എമാർ ശ്രദ്ധിക്കുന്നില്ലെന്നും സ്‌പീക്കർ പറഞ്ഞു. എന്നാൽ ഇക്കാര്യം ശ്രദ്ധിക്കേണ്ടത് നിയമസഭാ സെക്രട്ടേറിയറ്റാണെന്നും റൂൾസ് ഒഫ് പ്രോസീജറിന് വിരുദ്ധമായ ചോദ്യങ്ങൾ അനുവദിക്കരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആവശ്യപ്പെട്ടു. നിയമസഭാ സെക്രട്ടേറിയറ്റിന് ഇത് സംബന്ധിച്ച് കർശന നിർദ്ദേശം നൽകിട്ടുണ്ടെന്നും വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ചോദ്യങ്ങൾ അനുവദിക്കൂവെന്നും ചോദ്യങ്ങൾക്ക് അനുമതി നൽകിയില്ലെങ്കിൽ ഇക്കാര്യം ബന്ധപ്പെട്ട എം.എൽ.എയെ രേഖാമൂലം അറിയിക്കാൻ നിർദ്ദേശം നൽകിയെന്നും സ്‌പീക്കർ വ്യക്തമാക്കി.
പാർട്ടി ഫണ്ട് നൽകിയില്ലെങ്കിൽ ഭൂമിയിൽ കൊടികുത്തുമെന്ന് കൊല്ലം ചവറയിലെ സി.പി.എം നേതാവിന്റെ ഭീഷണി സംബന്ധിച്ച സജീവ് ജോസഫിന്റെ ചോദ്യം പരിഗണിക്കുന്നതിനിടെയായിരുന്നു സ്‌പീക്കറുടെ പരാമർശം. കഴിഞ്ഞ ദിവസം മുസ്ലിംലീഗിന്റെ വനിതാവിദ്യാർത്ഥി സംഘടനയായ ഹരിതയുമായി ബന്ധപ്പെട്ട ചോദ്യം ഉയർന്നപ്പോഴും സ്‌പീക്കർ രാഷ്ട്രീയ ചോദ്യങ്ങൾ പാടില്ലെന്ന നിർദ്ദേശം നൽകിയിരുന്നു.