ഇൻകെൽ വിരമിച്ച ഐ.എ.എസുകാരുടെ താവളം: കടകംപള്ളി

Wednesday 13 October 2021 1:30 AM IST

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള ഇൻകെൽ വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരുടെ താവളമായി മാറിയെന്ന് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ ആരോപിച്ചു.

ശമ്പളവും ആനുകൂല്യങ്ങളും ഒപ്പിച്ചെടുക്കാനുള്ള വഴിയായി ഇൻകെൽ മാറി. സീനിയർ ഐ.എ.എസുകാർ വലിയ പദ്ധതികളുടെ നടത്തിപ്പിൽ ശ്രദ്ധിക്കുന്നില്ല. ഇൻകെലിനെ താവളമാക്കിയ ഐഎഎസുകാരേയും സർക്കാർ ഇറക്കി വിടണമെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് വികസനം സംബന്ധിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കവേ കടകംപള്ളി ആവശ്യപ്പെട്ടു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 717.27 കോടിയുടെ വികസന പദ്ധതികളിൽ 32

കോടിയുടേത് മാത്രമാണ് പൂർത്തിയാക്കാനായത്. മാസ്​റ്റർ പ്ലാൻ രണ്ടു വർഷം കൊണ്ടു പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഒന്നാംഘട്ടം പോലും പൂർത്തിയാക്കാനായില്ല. ഇനി മൂന്നു ഘട്ടങ്ങൾ എന്ന് പൂർത്തീകരിക്കാനാകുമെന്നു പറയാനാവില്ല. ഇൻകെലിനെ വച്ച് മുന്നോട്ടു പോയാൽ പദ്ധതി തീരില്ല. ഒന്നാം ഘട്ട പ്രവർത്തനത്തിനായി ഇൻകെൽ ഉപ കരാർ നൽകിയ മുംബയ് കമ്പനി നിർമ്മാണം ഇഴയ്ക്കുകയാണെന്നും കടകംപള്ളി ആരോപിച്ചു.

എന്നാൽ,വിരമിച്ചവരോ അല്ലാത്തവരോ ആയ ഉദ്യോഗസ്ഥർ ഇൻകെലിൽ ഇല്ലെന്നായിരുന്നു വ്യവസായ മന്ത്രി പി. രാജീവിന്റെ മറുപടി . ഡയറക്ടർ ബോർഡിൽ ഏതാനും ഐ.എ.എസുകാരുണ്ടെന്നും മന്ത്രി പറഞ്ഞു. വികസന പ്രവർത്തനത്തിൽ കാലതാമസം അനുവദിക്കില്ലെന്നും ,സമയബന്ധിതമായി പണി പൂർത്തീകരിക്കാത്തവർക്കെതിരേ നടപടിയെടുക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.