കുത്തക കമ്പനികളുടെ സംരക്ഷണമല്ല ഇടതുപക്ഷ സർക്കാരിന്റെ ധർമ്മം: കെ.കെ. രമ

Wednesday 13 October 2021 12:00 AM IST

തിരുവനന്തപുരം: ഭൂസമര സമിതിയുടെയും പ്രോഗ്രസിവ് പൊളിറ്റിക്കൽ ഫ്രണ്ടിന്റെയും (പി.പി.എഫ്) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന കൂട്ടധർണ കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദളിത്-ആദിവാസി-കർഷക വിഭാഗങ്ങളുടെ പതിനായിരക്കണക്കിന് ഏക്കർ ഭൂമി കൈവശപ്പെടുത്തിയ ഹാരിസൺസ് കമ്പനിക്കെതിരെ മുൻ റവന്യു വകുപ്പ് സെക്രട്ടറി നിവേദിത പി. ഹരൻ ഉത്തരവിട്ട വിജിലൻസ് കേസ് അവസാനിപ്പിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു ധർണ.

നാട്ടിൽ ഭൂരഹിതർ വർദ്ധിക്കുമ്പോഴും സർക്കാർ കുത്തക കമ്പനികളെ സംരക്ഷിക്കുകയാണെന്ന് രമ കുറ്റപ്പെടുത്തി. അനധികൃത ഭൂമി കൈയേറ്റങ്ങൾ കാരണം വലിയൊരു വിഭാഗം ദളിത്-ആദിവാസി-തൊഴിലാളി സമൂഹം കോളനികളിലും പുറമ്പോക്കിലുമാണ് ജീവിക്കുന്നത്. ഇതൊന്നും കണ്ട ഭാവംപോലും നടിക്കാതെ ഇടതുപക്ഷം ചമഞ്ഞ് മേനിപറയുന്ന സർക്കാർ, വിഷയത്തിൽ ന്യായമായ തീരുമാനം എടുക്കണമെന്നും രമ പറഞ്ഞു.

ധർണയിൽ പി.പി.എഫ് കൺവീനർ എസ്. ബാബുജി, ഭൂസമര സമിതി കൺവീനർ എൻ.പി. കുഞ്ഞിക്കണാരൻ, പ്രൊഫ. ബി. രാജീവൻ, പി. സുശീലൻ, എം.കെ. ദാസൻ, ഡോ.പ്രസാദ്, ശ്രീകുമാർ, പ്രസാദ് സോമരാജൻ എന്നിവർ പങ്കെടുത്തു.