ഡിജിറ്റൽ സർവകലാശാല ബില്ലിന് അംഗീകാരം

Wednesday 13 October 2021 1:30 AM IST

തിരുവനന്തപുരം: ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യാ സർവകലാശാല ബിൽ നിയമസഭ ഐകകണ്ഠ്യേന അംഗീകരിച്ചു. ആഗസ്റ്റിൽ മന്ത്രി പി. രാജീവ് അവതരിപ്പിച്ച ബിൽ സബ്‌‌ജക്ട് കമ്മിറ്റിയുടെ പരിശോധനകൾക്കുശേഷം കഴിഞ്ഞ ദിവസം പാസാക്കുകയായിരുന്നു. ഡിജിറ്റൽ സർവകലാശാല പുതിയ രീതികളെ കരുപ്പിടിപ്പിക്കുകയും അവയെ തൊഴിൽ മേഖലകളോട് ബന്ധിപ്പിക്കുകയും ചെയ്യുന്നതാണെന്ന് മന്ത്രി രാജീവ് പറഞ്ഞു.

രാജ്യത്തിനകത്ത് വിവിധ കേന്ദ്രങ്ങളിൽ ഗവേഷണ വിദ്യാഭ്യാസ കേന്ദ്രങ്ങൾ സ്ഥാപിക്കും. മികവിന്റെ കേന്ദ്രങ്ങളും തുടങ്ങും. ഡിജിറ്റൽ സയൻസിനൊപ്പം സാങ്കേതിക വിദ്യ, ഇന്റർ ഡിസിപ്ലിനറി ഇന്നൊവേഷൻ, സംരംഭകത്വം, ലിബറൽ ആർട്‌സ്, മാനവിക വിഷയങ്ങൾ എന്നിവയുടെ പഠന ഗവേഷണത്തിന് അന്തർദേശീയ സഹകരണവും ഉറപ്പുവരുത്തും. സർവകലാശാല ജനറൽ കൗൺസിലിലും ബോർഡ് ഒഫ് ഗവേണൻസിലും എം.എൽ.എമാരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രതിനിധികളുണ്ടാകും. ജനറൽ കൗൺസിൽ, ബോർഡ് ഒഫ് ഗവേണൻസ്, റിസർച്ച് കൗൺസിൽ, അക്കാഡമിക് കൗൺസിൽ എന്നിവയിൽ ഒരു വനിതയടക്കം രണ്ട് വിദ്യാർത്ഥി പ്രതിനിധികളെയും ഉൾപ്പെടുത്തി.