മുഖ്യമന്ത്രിയുടെ ഉപദേശം, സിവിൽ സർവീസ് റാങ്കുകാർ നല്ല ഉദ്യോഗസ്ഥരെ മാതൃകയാക്കണം

Wednesday 13 October 2021 12:00 AM IST

തിരുവനന്തപുരം: നല്ല രീതിയിൽ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരെ സിവിൽ സർവീസ് പരീക്ഷാ വിജയികൾ മാതൃകയാക്കണമെന്നും അവരെക്കാൾ മുന്നിലെത്തണമെന്നും മുഖ്യമന്ത്റി പിണറായി വിജയന്റെ ഉപദേശം. കേരളത്തിൽ നിന്ന് സിവിൽ സർവീസ് പരീക്ഷ വിജയിച്ച 39 പേരെ സ്​റ്റേ​റ്റ് സിവിൽ സർവീസ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്തിനോടും നിഷേധ സമീപനം സ്വീകരിക്കുന്ന ഒരു വിഭാഗമുണ്ട്. ഒരു കാരണവശാലും അവരെ മാതൃകയാക്കരുത്. രാജ്യത്തിനും ജനങ്ങൾക്കും അർപ്പണബോധത്തോടെ സേവനം ചെയ്യണം. ദുഃസ്വാധീനത്തിൽ വീഴാതെ പ്രവർത്തിക്കണം. ശരിയല്ലാത്ത തീരുമാനങ്ങൾ എടുപ്പിക്കാൻ ചിലർ ശ്രമിക്കും. തെ​റ്റ് ചെയ്യില്ലെന്ന ഉറച്ച നിലപാട് ആദ്യമേ സ്വീകരിച്ചാൽ ഇതിനെ മറികടക്കാം. ഒരുതവണ തെ​റ്റായ വഴി സ്വീകരിച്ചാൽ പിന്നീടൊരു തിരിച്ചുവരവ് എളുപ്പമാവില്ല.

പിന്തള്ളപ്പെട്ട ജനവിഭാഗങ്ങൾക്കായി പ്രവർത്തിക്കണം. സമൂഹത്തിലെ ഉന്നതർക്കും സാമ്പത്തിക ശേഷിയുള്ളവർക്കും സിവിൽ സർവീസുകാരുടെ സഹായം ആവശ്യമായി വരില്ല. ഒരു വില്ലേജ് ഓഫീസറെപ്പോലും നേരിൽക്കണാൻ സാധിക്കാത്ത ജനവിഭാഗങ്ങൾക്കാണ് സേവനം വേണ്ടത്. മികച്ച വേഷഭൂഷാദികളോടെ വരുന്നവരെ അംഗീകരിക്കുകയും പാവപ്പെട്ടവരോട് നീരസം തോന്നുകയും ചെയ്യുന്ന മാനോഭാവം പാടില്ലെന്നും മുഖ്യമന്ത്റി പറഞ്ഞു.

മാസ്‌ക്ക​റ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് മുഖ്യമന്ത്റി പുരസ്‌കാരം നൽകി. മന്ത്റി ആർ. ബിന്ദു അദ്ധ്യക്ഷയായിരുന്നു. ചീഫ് സെക്രടറി വി.പി. ജോയ്, ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ, വീണാ മാധവൻ എന്നിവർ പ്രസംഗിച്ചു.