പി.എം വാണിയിലൂടെ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ്

Wednesday 13 October 2021 12:50 AM IST

കൊച്ചി: കേന്ദ്ര സർക്കാരിന്റെ പി.എം വാണി പദ്ധതി പ്രകാരം കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നു. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെയും സെന്റർ ഫോർ ഡവലപ്‌മെന്റ് ഒഫ് ടെലിമാറ്റിക്‌സിന്റേയും സഹകരണത്തോടെ വേൾഡ് ഷോർ നെറ്റ്‌വർക്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത്.
കേബിളില്ലാത്ത ഇന്റർനെറ്റ് ലഭ്യമാക്കുന്നതാണ് പി.എം വാണി. കൂടുതൽ ജനങ്ങൾക്ക് ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കാൻ ചെറിയ ഡാറ്റാ ഓഫീസുകളാണ് സ്ഥാപിക്കുക. പഴയകാല പബ്ലിക്ക് ടെലിഫോൺ ബൂത്തുകൾക്ക് സമാനമാണിത്. ഏത് കടയും സ്ഥാപനവും പബ്ലിക്ക് ഡാറ്റാ ഓഫീസാക്കി മാറ്റാനും ബ്രോഡ്ബാന്റ് കണക്ഷനുകൾ നൽകാനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. പി.ടി.മാത്യു പദ്ധതി പുറത്തിറക്കി. വേൾഡ് ഷോർ മാനേജിംഗ് ഡയറക്ടർ അലക്‌സ് ടി. ജേക്കബ് പങ്കെടുത്തു. സൗത്ത് റെയിൽവെ സ്‌റ്റേഷനു സമീപമാണ് ആദ്യത്തെ വേൾഡ്‌ഷോർ വൈഫൈ ഹോട്ട്‌സ്‌പോട്ട്. ചെറിയ മുതൽമുടക്കിൽ ഗ്രാമീണ മേഖലയിൽ പി.എം വാണി മുഖേന വേൾഡ്‌ഷോർ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് ലഭ്യമാക്കും. ചെറുതും താങ്ങാവുന്നതുമായ നിരക്ക് നൽകി മികച്ച പ്ലാനുകൾ നേടാനാകും.

Advertisement
Advertisement