വിവരാവകാശം: പഞ്ചായത്ത് വകുപ്പിൽ അധികാരികളെ പുനർ നിർണയിച്ചു

Wednesday 13 October 2021 1:30 AM IST

തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾക്ക് സമയബന്ധിതമായി മറുപടി ഉറപ്പാക്കാനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിൽ കാര്യക്ഷമമായി സേവനങ്ങൾ ലഭ്യമാക്കാനും സഹായകമാവുന്ന വിധത്തിൽ പഞ്ചായത്ത് വകുപ്പിൽ അപ്പീൽ അധികാരികളെയും സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറെയും സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറെയും പുനർ നിർണയിച്ചുവെന്ന് മന്ത്രി എം.വി ഗോവിന്ദൻ അറിയിച്ചു. നിലവിൽ ഗ്രാമപഞ്ചായത്തുകളിൽ പഞ്ചായത്ത് സെക്രട്ടറിയാണ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ. ഇനി ജൂനിയർ സൂപ്രണ്ടോ, ഹെഡ് ക്ലാർക്കോ ആ പദവിയിലേക്ക് വരും. പഞ്ചായത്തുകളിൽ സ്റ്റേറ്റ് അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസറായി അക്കൗണ്ടന്റുമാരെയും അപ്പീൽ അധികാരികളായി പി.എ.യു സൂപ്പർവൈസറെയും നിശ്ചയിച്ചു.

പെർഫോമൻസ് ഓഡിറ്റ് യൂണിറ്റിൽ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായി ജൂനിയർ സൂപ്രണ്ടും അസി. ഓഫീസറായി സീനിയർ ക്ലർക്കും അപ്പീൽ അധികാരിയായി പി.എ.യു യൂണിറ്റ് സൂപ്പർവൈസറും ഉണ്ടാവും. പഞ്ചായത്ത് അസി. ഡയറക്ടർ ഓഫീസിൽ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായി ജൂനിയർ സൂപ്രണ്ടും അസി. ഓഫീസറായി സീനിയർ ക്ലർക്കും അപ്പീൽ അധികാരിയായി പഞ്ചായത്ത് അസി.ഡയറക്ടറും ഉണ്ടാകും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായി സീനിയർ സൂപ്രണ്ടിനെയും അസി. ഓഫീസറായി ജൂനിയർ സൂപ്രണ്ടിനെയും അപ്പീൽ അധികാരിയായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേയും നിയോഗിച്ചു.

ജൂനിയർ സൂപ്രണ്ട്, ഹെഡ് ക്ലർക്ക് തസ്തിക ഇല്ലാത്ത പഞ്ചായത്ത് ഓഫീസുകളിൽ അസിസ്റ്റന്റ് സെക്രട്ടറി സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ ചുമതല വഹിക്കണം. പി.എ.യു സൂപ്പർവൈസർമാർ ഇല്ലാത്ത പെർഫോമൻസ് ഓഡിറ്റ് യൂണിറ്റുകളിൽ സൂപ്പർവൈസറുടെ ചുമതല വഹിക്കാത്ത ജൂനിയർ സൂപ്രണ്ട് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറാകും.

Advertisement
Advertisement