സ്ക്രാപ്പേജ് നയത്തിനെതി​രെ ഒാട്ടോമൊബൈൽ ജീവനക്കാരുടെ തൊഴിൽ സംരക്ഷണയാത്ര

Wednesday 13 October 2021 12:29 AM IST

പത്തനംതിട്ട : ഓട്ടോമൊബൈൽ മേഖലയെ ഉരുക്ക് വ്യവസായികൾക്ക് അടിയറവയ്ക്കുന്ന കേന്ദ്ര സർക്കാരിന്റെ സ്‌ക്രാപ്പേജ് നയത്തിനെതിരെ ആൾ കേരള ഓട്ടോമൊബൈൽ എംപ്‌ളോയീസ് യൂണിയൻ 25 മുതൽ നവംബർ 5 വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ തൊഴിൽ സംരക്ഷണയാത്ര നടത്തുമെന്ന് ജനറൽ സെക്രട്ടറി പാളയം ബാബു, ജനറൽ കൺവീനർ വി.സി.രമേശ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 25ന് രാവിലെ എട്ടി​ന് കാസർകോട് ബസ് സ്റ്റാൻഡിന് സമീപം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. സി എച്ച്. കുഞ്ഞമ്പു എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്യും. നവംബർ 5ന് രാവിലെ 11ന് രാജ്ഭവന് മുന്നിൽ സമാപിക്കും. കെ.മുരളീധരൻ എം.പി ധർണ്ണ ഉദ്ഘാടനം ചെയ്യും. യാത്ര നവംബർ ഒന്നിന് പത്തനംതിട്ടയിലെത്തും. വാഹന ബോഡി നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട നയങ്ങൾ സുതാര്യമാക്കുക, നിലവിലുള്ള ചെറുകിട സ്‌ക്രാപ്പേജ് യൂണിറ്റുകൾ തുടരുവാനും പുതിയ യൂണിറ്റ് തുടങ്ങുന്നതിനുള്ള നിയമം സുതാര്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിൽ സംരക്ഷണയാത്ര. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഷിബു ജോസഫ്, ചെയർമാൻ പി.കെ.വിജയകുമാർ, ട്രഷറർ വിതുര രജേന്ദ്രൻ എന്നിവർ പങ്കെടുത്തു.