പ്രയത്നത്തിൻ അഴകേറും തൂവൽ ചിത്രങ്ങൾ

Wednesday 13 October 2021 12:43 AM IST

കോഴിക്കോട്: കാഴ്ചയിൽ സുഖം പകരുന്നവയാണ് തൂവലുകൾ. എന്നാൽ തൂവലിൽ പ്രയത്നത്തിൻ അഴക് വിരിക്കുകയാണ് മായനാട് പുല്ലാട്ട് പറമ്പ് സ്വദേശിനി ലാഗ്മി മേനോൻ. ആറു മാസം കൊണ്ട് ലാഗ്മി തൂവലിൽ തീർത്തത് നിരവധി ചിത്രങ്ങൾ,​ നേടിയത് നിരവധി റെക്കോർഡുകളും.

ഗാന്ധി,​ നെഹ്റു തുടങ്ങിയ മഹാരഥൻമാർ മുതൽ കഥകളി,​ തെയ്യം വിവിധ കലാരൂപങ്ങൾ,​ ചലച്ചിത്ര താരങ്ങൾ,​ ഇഷ്ട ദൈവങ്ങൾ എന്നിവയെല്ലാം ലാഗ്മിയുടെ തൂവൽ ചിത്രങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.

പരിശീലനമില്ലാതെ പരിശ്രമത്തിലൂടെയാണ് ലാഗ്മി ചിത്രകാരിയായത്. ലോക്ക്ഡൗൺ വിരസത ഒഴിവാക്കാൻ തുടങ്ങിയതാണ് ചിത്ര രചന. ആദ്യം പേപ്പറിലും വിത്തുകളിലുമായിരുന്നു പരീക്ഷണം. സേഷ്യൽ മീഡിയയിൽ തൂവൽ ചിത്രങ്ങൾ കണ്ടതോടെ അതിനോടായി കമ്പം. അങ്ങനെ വരച്ചു തുടങ്ങി. അത്ര സുന്ദരമൊന്നുമായിരുന്നില്ല ആദ്യ വരകൾ. പിന്നെ സെല്ലോടേപ്പിൽ തൂവലുകളെ ഉറപ്പിച്ചു നിറുത്തി നിറങ്ങളിൽ സ്വയം സമർപ്പിച്ചതോടെ പിറവിയെടുത്തത് ജീവൻ തുടിക്കും ചിത്രങ്ങൾ. ചിത്രത്തിന്റെ ഔട്ട് ലെെൻ വരച്ച് നിറം നൽകുന്നതാണ് രീതിയെന്ന് ലാഗ്മി പറയുന്നു. തുടക്കത്തിൽ രണ്ടും മൂന്നും ദിവസമെടുത്ത് പൂർത്തിയാക്കിയ ചിത്രങ്ങൾ ഇപ്പോൾ 3 മണിക്കൂർ കൊണ്ട് വരച്ചു തീർക്കും.

ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ഹിറ്റായതോടെ ഹെെദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നെല്ലാം നിരവധി ആവശ്യക്കാരാണ് എത്തുന്നത്. അമ്പതോളം ചിത്രങ്ങൾ ഇതുവരെ പൂർത്തിയാക്കിയിട്ടുണ്ട്. തൂവൽ കൂടാതെ ഇലകളിലും ചക്കകുരുവിലും ഗുളികകളിലും പൊട്ടിലുമെല്ലാം ചിത്രങ്ങൾ വരയ്ക്കാറുണ്ട്.

ലാഗ്മിയുടെ ചിത്രങ്ങൾക്ക് സ്റ്റാർ ഇൻഡിപെൻഡന്റ് അവാർഡ് മുതൽ ഏഷ്യൻ ബുക്ക് ഒഫ് റെക്കോർഡും ഇന്ത്യൻ ബുക്ക് ഒഫ് റെക്കോർഡും ലഭിച്ചിട്ടുണ്ട്. അരമണിക്കൂറിനുളളിൽ ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളായ ആറ് പേരെ തൂവലുകളിൽ വരച്ചാണ് ഏഷ്യൻ ബുക്ക് ഒഫ് റെക്കോർഡ്സിലും ഇന്ത്യൻ ബുക്ക് ഒഫ് റെക്കോർഡ്സിലും സ്ഥാനം പിടിച്ചത്. എം.ബി.എ പൂർത്തിയാക്കിയ ലാഗ്മി ഇപ്പോൾ ചിത്രരചനയിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്.

Advertisement
Advertisement