മുഖ്യമന്ത്രി അങ്ങനെ പറഞ്ഞോ? എപ്പോ?

Wednesday 13 October 2021 12:55 AM IST
കൊല്ലം കളക്ടറേറ്റിലെ തപാൽ സെക്ഷൻ

കളക്ടറേറ്റിലെ തപാൽ സെക്ഷനിൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നു

കൊല്ലം: ഓരോ ഫയലിലും അപേക്ഷയിലും ഓരോ ജീവിതമുണ്ടെന്ന മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ കൊല്ലം കളക്ടറേറ്റിലെ തപാൽ വിഭാഗം ഉദ്യോഗസ്ഥർക്ക് അത്രകണ്ട് ബോധിച്ചിട്ടില്ല! തങ്ങളുമായി ബന്ധപ്പെട്ട കാര്യമല്ല മുഖ്യമന്ത്രി അന്നു പറഞ്ഞതെന്നാണ് ഇവരുടെ നിലപാട്. സാധാരണക്കാർ വിവിധ ആവശ്യങ്ങൾക്കായി നൽകിയ അപേക്ഷകൾ ബന്ധപ്പെട്ട വകുപ്പിന് കൈമാറാതെ അപേക്ഷകരെ വലയ്ക്കുന്ന നടപടികളാണ് തപാൽ വിഭാഗം സ്വീകരിക്കുന്നത്. മൂന്നാഴ്ചയായി ഓഫീസ് തുറക്കുന്നതും അടയ്ക്കുന്നതുമല്ലാതെ മറ്റൊരു പണിയും ഇവിടെ നടക്കുന്നില്ല. ഇത്രയും ദിവസത്തിനുള്ളിൽ ഒരു ഫയലോ അപേക്ഷയോ തപാൽ വിഭാഗത്തിന്റെ കൈകളിൽ നിന്ന് അണുവിട ചലിച്ചിട്ടില്ല!

സർക്കാർ വകുപ്പുകളിലേക്ക് അയയ്ക്കുന്ന അപേക്ഷകൾ ആദ്യമെത്തുന്നത് തപാൽ വിഭാഗത്തിലാണ്. ഓൺലൈനിൽ നൽകുന്ന അപേക്ഷകളുടെ കാര്യവും ഇങ്ങനെതന്നെ. ഇവിടെ നിന്നു ഫയൽ നമ്പറിട്ട് അവ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറേണ്ടത് തപാൽ വിഭാഗമാണ്. കളക്ടറേറ്റിലെ മറ്റെല്ലാ ഓഫീസുകളിലെയും പോലെ തപാൽ വിഭാഗത്തിലും നവീകരണ ജോലികൾ നടക്കുന്നതിന്റെ പേരിൽ ഹാജർ ബുക്കിൽ ഒപ്പിടുന്നതൊഴികെ മറ്റൊരു ജോലിയും ചെയ്യാതിരിക്കാനാണ് ജീവനക്കാർക്ക് താത്പര്യം. അപേക്ഷ നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും മറുപടി ലഭിക്കാതെ വന്നതോടെ അപേക്ഷകർ ബന്ധപ്പെട്ട ഓഫീസുകളിൽ കയറിയിറങ്ങേണ്ട അവസ്ഥയാണിപ്പോൾ. സെക്ഷനിൽ നിന്ന് അപേക്ഷ എത്തിയിട്ടില്ലെന്ന അറിയിപ്പ് ലഭിക്കുന്നവർ തപാൽ വിഭാഗത്തിൽ എത്തിയാൽ 'അപേക്ഷകൾ എത്തേണ്ട സമയത്ത് എത്തും' എന്ന നിഷേധാത്മക മറുപടിയാണ് ലഭിക്കുന്നതെന്ന ആക്ഷേപവുമുണ്ട്.

ജോലിക്കൂലിയും നഷ്ടം

കളക്ടറേറ്റിലെ വിവിധ വകുപ്പുകളിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കും അനുമതികൾക്കുമായി അപേക്ഷ നൽകുന്നവരിൽ കൂടുതലും സാധാരണക്കാരാണ്. ജില്ലയുടെ കിഴക്കൻ മേഖലയിലുള്ളവർ ജോലിവരെ നഷ്ടപ്പെടുത്തി രണ്ടും മൂന്നും വാഹനങ്ങൾ കയറിയാണ് അപേക്ഷയുടെ കാര്യങ്ങൾ തിരക്കാനെത്തുന്നത്. കളക്ടറേറ്റിന്റെ സമീപപ്രദേശത്തുള്ളവർക്കുപോലും തപാൽ വകുപ്പിന്റെ മെല്ലെപ്പോക്ക് തലവേദനയാവുന്നുണ്ട്. കൂലിപ്പണി ചെയ്തു കുടുംബം പോറ്റുന്നവരുടെ ഒരു ദിവസത്തെ വരുമാനമാണ് കളക്ടറേറ്റിൽ വന്നു പോകുമ്പോഴേക്കും നഷ്ടപ്പെടുന്നത്.

'പ്രവർത്തനക്ഷമത' കൂട്ടുന്നു

തപാൽ സെക്ഷനിലെ കമ്പ്യൂട്ടറുകളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിലവിലെ പ്രതിസന്ധിയെന്ന് തപാൽ വിഭാഗം അധികൃതർ വിശദീകരിക്കുന്നു. എന്നാൽ കളക്ടറേറ്റിലെ മിക്ക ഓഫീസുകളിലും ഇത്തരത്തിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നുണ്ട്. അവിടെയെങ്ങും ഓഫീസ് പ്രവർത്തനത്തിന് തടസമുണ്ടായിട്ടില്ല. എന്നാൽ നവീകരണ പ്രവൃത്തികളുടെ പേരിൽ ഓഫീസ് പ്രവർത്തനം പൂർണ്ണമായി നിശ്ചലമായ അവസ്ഥ തപാൽ സെക്ഷനിൽ മാത്രമാണ്.

2016ൽ ആദ്യ പിണറായി സർക്കാർ അധികാരമേറ്റപ്പോൾ സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പറഞ്ഞത്

'മുമ്പിൽ വരുന്ന ഓരോ ഫയലിലും പാവപ്പെട്ടവരിൽ പാവപ്പെട്ടവരുടെ ജീവിതമാണുള്ളത്. ആ ഫയലുകളിൽ നിങ്ങളെഴുതുന്ന കുറിപ്പാവും ഒരുപക്ഷെ അവരിൽ അപൂർവം ചിലരെങ്കിലും തുടർന്ന് ജീവിക്കണോ മരിക്കണോ എന്നു പോലും നിശ്ചയിക്കുന്നത്. ഫയലിൽ പ്രതികൂല പരാമർശം വന്ന് എല്ലാം തകർന്ന നിലയിൽ പ്രതീക്ഷ നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത ഹിമാചലിലെ ഒരു വൃദ്ധയുടെ കാര്യം പത്രത്തിൽ വന്നത് എന്റെ ഓർമ്മയിലുണ്ട്. എല്ലാ ഫയലിലും അനുകൂലമായി എഴുതാൻ കഴിയണമെന്നില്ല. എന്നാൽ ഫയലിലുള്ളത് ജീവിതമാണെന്നും കഴിയുന്നത്ര കരുതലോടെ അത് കൈകാര്യം ചെയ്യേണ്ടതുണ്ട് എന്നുമുള്ള ബോധമാവണം നിങ്ങളെ നയിക്കേണ്ടത്. ജനങ്ങളുടെ അവശ്യത്തെ എങ്ങനെയൊക്കെ തടയാം, അവരുടെ അവകാശത്തെ എങ്ങനെയൊക്കെ നിയന്ത്രിക്കാം എന്ന മട്ടിലുള്ള ഒരു നെഗറ്റീവ് ഫയൽ നോട്ട സമ്പ്രദായമാണ് പണ്ട് ഉണ്ടായിരുന്നത്. അതിന്നും തുടരുന്നുണ്ട്. ഇതിനെ ഒരു പോസിറ്റീവ് ഫയൽനോട്ട സമ്പ്രദായംകൊണ്ടു പകരം വയ്ക്കണം...'

Advertisement
Advertisement