വൈശാഖിന്റെ വീരമൃത്യുവിൽ അഭിമാനമെന്ന് പിതാവ്

Wednesday 13 October 2021 1:40 AM IST

കൊല്ലം: 'അവന് ആഗ്രഹിച്ചുകിട്ടിയ ജോലിയാണ്, ഞങ്ങളുടെ പ്രതീക്ഷ മുഴുവൻ അവനിലായിരുന്നു. നഷ്ടം ചെറുതല്ലെങ്കിലും അവന്റെ വീരമൃത്യു രാജ്യത്തിന് വേണ്ടിയാണെന്നോർക്കുമ്പോൾ അഭിമാനമുണ്ട്"- ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ തിങ്കളാഴ്‌ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച വൈശാഖിന്റെ പിതാവ് ഹരികുമാർ പറയുന്നു. ഹരികുമാർ മുമ്പ് സൗദിഅറേബ്യയിലായിരുന്നു. തുടർന്ന് നാട്ടിലെത്തി കുറേക്കാലം എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്‌തു. എന്നാൽ കൊവിഡിൽ ജോലി നഷ്ടമായി. മറ്റൊരുജോലി തേടി ഒരാഴ്ച മുൻപ് എറണാകുളത്തേക്ക് പോയതാണ്. തിങ്കളാഴ്ച വൈകിട്ടോടെയാണ് വൈശാഖിന്റെ മരണവാർത്ത അറിഞ്ഞത്.

'കുട്ടിക്കാലത്തുതന്നെ പട്ടാളത്തിൽ ചേരണമെന്ന് അവൻ പറയാറുണ്ടായിരുന്നു. അതിനുവേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഞാൻ വിദേശത്തായതിനാൽ അവനുമായി അധികസമയം ചെലവഴിക്കാൻ കഴിയാറില്ല. അമ്മയും അനിയത്തിയുമാണ് കൂട്ട്. സ്കൂൾ ക്രിക്കറ്റ്, ഫുട്ബാൾ ടീമുകളിലുണ്ടായിരുന്നു. ജോലി കിട്ടിയതിൽപ്പിന്നെ അവധിക്കുവന്നാൽ കളിസ്ഥലത്തേക്കിറങ്ങും. നേരെചൊവ്വേ കാണാൻപോലും കിട്ടാറില്ല. വീട്ടുകാര്യങ്ങളിൽ നല്ല ശ്രദ്ധയുണ്ടായിരുന്നു"- ഹരികുമാറിന്റെ കണ്ണുകൾ ഈറനണിഞ്ഞു.

കുടുംബവസ്തുവിറ്റും കുറച്ച് കടംവാങ്ങിയുമാണ് പതിനഞ്ച് സെന്റ് ഭൂമി വാങ്ങി വീട് പണിതത്. അത് മുഴുവൻ വൈശാഖിന്റെ കഷ്ടപ്പാടാണ്. എന്നാൽ ആഗ്രഹിച്ചുവച്ച വീട്ടിൽ ഏറെനാൾ താമസിക്കാൻ വൈശാഖിന് ഭാഗ്യമുണ്ടായില്ല.

Advertisement
Advertisement