കള്ളപ്പണക്കേസ്: ഇബ്രാഹിം കുഞ്ഞിന്റെ അപ്പീൽ ഹൈക്കോടതി പരിഗണിക്കും
കൊച്ചി: പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് തനിക്കെതിരെ നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടതിനെതിരെ മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് നൽകിയ ഹർജി പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നതിനായി നമ്പരിട്ടു നൽകാൻ ഹൈക്കോടതി രജിസ്ട്രിക്ക് നിർദ്ദേശം നൽകിയത്. നോട്ടു നിരോധന സമയത്ത് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് അന്വേഷണത്തിനുത്തരവിട്ടത്. എന്നാൽ ഹർജിയിൽ കക്ഷിയായിരുന്നില്ലെന്നും തന്റെ വാദം കേൾക്കാതെയാണ് സിംഗിൾബെഞ്ച് വിധി പറഞ്ഞതെന്നും ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിം കുഞ്ഞ് അപ്പീൽ നൽകിയത്.