എല്ലാ തെളിവുകളും ശക്തമായി ഉള്ള കേസിൽ സൂരജിന് പാമ്പിനെ വിറ്റയാളെ മാപ്പു സാക്ഷിയാക്കേണ്ട കാര്യമെന്തായിരുന്നു? സർക്കാർ മറുപടി പറയണം
ഉത്ര വധക്കേസിൽ വിധി വന്നതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബി ജെ പി നേതാവ് സന്ദീപ് വാര്യർ. മറ്റെല്ലാ തെളിവുകളും ശക്തമായി ഉള്ള കേസിൽ സൂരജിന് പാമ്പിനെ വിറ്റയാളെ മാപ്പു സാക്ഷിയാക്കേണ്ട കാര്യമെന്തായിരുന്നുവെന്നും, സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉത്രയെ കൊലപ്പെടുത്തിയത് അപൂർവ്വങ്ങളിൽ അത്യപൂർവ്വ കുറ്റകൃത്യമല്ലെങ്കിൽ മറ്റെന്താണെന്ന് അദ്ദേഹം ചോദിക്കുന്നു. ശിക്ഷ ഇരട്ട ജീവപര്യന്തത്തിലൊതുങ്ങിപ്പോയതിൽ സങ്കടമുണ്ടെന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. കേസിൽ അപ്പീൽ നൽകി പരമാവധി ശിക്ഷ പ്രതിക്ക് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാമ്പ് പിടിത്തക്കാരനായ സുരേഷിൽ നിന്നാണ് സൂരജ് പാമ്പിനെ വാങ്ങിയത്. ആദ്യം അണലിയേയും പിന്നീട് മൂർഖനെയും ഇയാൾ സൂരജിന് നൽകുകയായിരുന്നു. അടൂർ പറക്കോട്ടുള്ള തന്റെ വീട്ടിൽ വച്ച് അണലിയെക്കൊണ്ട് ഉത്രയെ സൂരജ് കടിപ്പിച്ചിരുന്നു. ഇതിന്റെ ചികിത്സയ്ക്ക് ശേഷം ഉത്ര വിശ്രമിക്കുമ്പോഴായിരുന്നു മൂർഖനെ ഉപയോഗിച്ചുള്ള കൊലപാതകം. കേസിൽ സുരേഷിനെ മാപ്പ് സാക്ഷിയാക്കിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
വിഷപ്പാമ്പിനെ വിലകൊടുത്തു വാങ്ങി കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് സൂരജ് . ഉത്രയെ കൊലപ്പെടുത്തിയത് അപൂർവ്വങ്ങളിൽ അത്യപൂർവ്വ കുറ്റകൃത്യമല്ലെങ്കിൽ മറ്റെന്താണ് ? ശിക്ഷ ഇരട്ട ജീവപര്യന്തത്തിലൊതുങ്ങിപ്പോയതിൽ വ്യസനമുണ്ട്.
അപ്പീൽ നൽകി പരമാവധി ശിക്ഷ പ്രതിക്ക് ഉറപ്പുവരുത്തേണ്ടതുണ്ട് . ഒരു ദയയും അയാൾ അർഹിക്കുന്നില്ല . മറ്റെല്ലാ തെളിവുകളും ശക്തമായി ഉള്ള കേസിൽ സൂരജിന് പാമ്പിനെ വിറ്റയാളെ മാപ്പു സാക്ഷിയാക്കേണ്ട കാര്യമെന്തായിരുന്നു എന്നതിന് സർക്കാർ മറുപടി പറയണം .