സിൽവർലൈൻ കേരളത്തിന്റെ ശോഭന ഭാവിക്ക്: മുഖ്യമന്ത്രി

Thursday 14 October 2021 1:56 AM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ശോഭനഭാവിക്കാണ് സെമി ഹൈസ്‌‌പീഡ് റെയിൽ (സിൽവർലൈൻ) പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എന്നാൽ പദ്ധതി കേരളത്തിന്റെ ഭാവിയെ കടത്തിൽ മുക്കുമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച എം.കെ. മുനീറിന്റെ അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ജനങ്ങളുടെ സഹകരണത്തോടെ മാത്രമേ ഭൂമി ഏറ്റെടുക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമങ്ങളിൽ ഭൂമി വിലയുടെ നാലിരട്ടി വരെയും നഗരങ്ങളിൽ രണ്ടിരട്ടി വരെയും നഷ്ടപരിഹാരം നൽകും. ഭൂമിയേറ്റെടുക്കുമ്പോൾ ഹെക്ടറിന് 9 കോടിയുടെ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. 9314 കെട്ടിടങ്ങൾ ഒഴിപ്പിക്കേണ്ടി വരും. സ്ഥലമേറ്റെടുപ്പിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം കിട്ടിയിട്ടുണ്ട്. 115 കിലോമീറ്റർ പാത പാടങ്ങളിലൂടെയാണ് കടന്നു പോകുക. ഇതിൽ 88 കിലോമീറ്ററിലും എലിവേറ്റഡ് പാതയാണ്.

ചെലവ് 63,940 കോടി
63,940 കോടിയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പശ്ചാത്തല സൗകര്യ വികസനം വരുമാനം വർദ്ധിപ്പിക്കും. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് ഭൂരിഭാഗം അലൈൻമെന്റും . പരിസ്ഥിതി ആഘാത പഠനം അനിവാര്യമല്ലെങ്കിലും നടത്തിയിട്ടുണ്ട്.അനാവശ്യ ആശങ്ക പരത്തുന്ന പ്രചാരണം ഒഴിവാക്കണം. ആരുടേയും ഭൂമി കവർന്നെടുക്കില്ല.പദ്ധതിക്ക് റെയിൽവേ തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. അന്തിമ അനുമതി വൈകാതെ കിട്ടും.

Advertisement
Advertisement