സരിതയിൽ നിന്ന് കൈക്കൂലി: മുൻമന്ത്രി ആര്യാടനെതിരെ വിജിലൻസ് അന്വേഷണം

Thursday 14 October 2021 3:45 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് സൗരോർജ നയം രൂപീകരിക്കാനെന്ന പേരിൽ സോളാർ കേസിലെ പ്രതി സരിത എസ്. നായരിൽ നിന്ന് മുൻ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് കോഴ കൈപ്പറ്റിയെന്നാണ് ആക്ഷേപം. മുൻമന്ത്രി എന്ന നിലയിൽ അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടും. ലഭിക്കുന്ന മുറയ്ക്ക് അന്വേഷണ സംഘത്തെ നിശ്ചയിക്കും.

സംസ്ഥാനത്തെമ്പാടും വലിയ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാനായി നയം ആവിഷ്കരിക്കണമെന്നായിരുന്നു സരിതയുടെ നേതൃത്വത്തിലെ കമ്പനിയുടെ ആവശ്യം. ഇതിന്റെ ഭാഗമായി 25 ലക്ഷം രൂപ വൈദ്യുതിമന്ത്രിയുടെ ഔദ്യോഗിക വസതിയിലും 15 ലക്ഷം കോട്ടയം കോടിമതയിൽ കെ.എസ്.ഇ.ബി എൻജിനിയേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിലും കൈമാറിയെന്നായിരുന്നു ആരോപണം. ഈ ചടങ്ങിൽ സരിതയുടെ കമ്പനിയെ മന്ത്രിയായിരുന്ന ആര്യാടൻ പുകഴ്ത്തുന്ന സി.ഡി, സോളാർ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ജുഡിഷ്യൽ കമ്മിഷന് സരിത കൈമാറിയിരുന്നു. സരിതയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ നയം രൂപീകരിക്കാൻ അനെർട്ടിന്റെ അന്നത്തെ ഡയറക്ടറോട് ആര്യാടൻ നിർദ്ദേശിച്ചെന്നും പരാതി ഉയർന്നിരുന്നു. ആര്യാടനെ ജുഡിഷ്യൽ കമ്മിഷൻ വിസ്തരിച്ചിരുന്നു.

Advertisement
Advertisement