സ്മാർട്ട് റേഷൻ കാർഡ് വിതരണം: ജില്ലയിലെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്

Thursday 14 October 2021 12:56 AM IST

പാലക്കാട്: എ.ടി.എം കാർഡ് മാതൃകയിൽ ചിപ്പോടുകൂടിയ സ്മാർട്ട് റേഷൻ കാർഡുകൾ വിതരണം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുന്നു. നിലവിൽ കാർഡുകളിൽ തിരുത്തൽ വരുത്തുന്നതിനും പേരുകൾ കൂട്ടിച്ചേർക്കുന്നതിനുമുള്ള നടപടികളാണ് പുരോഗമിക്കുന്നത്. നവംബർ ഒന്നു മുതൽ കാർഡ് വിതരണം ചെയ്തു തുടങ്ങുമെന്ന് സപ്ലൈ ഓഫീസ് അധികൃതർ അറിയിച്ചു. നിലവിൽ തിരുത്തൽ സംബന്ധിച്ച് ജില്ലയിൽ ഇന്നലെ വരെ 6,59073 അപേക്ഷകളാണ് ഓൺലൈൻ വഴി ലഭിച്ചത്. ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ചത് പാലക്കാട് താലൂക്കിലാണ്. 1,33255 എണ്ണം. ഏറ്റവും കുറവ് മണ്ണാർക്കാട്- 85,313 എണ്ണം.

അപേക്ഷകളിൽ തിരുത്തൽ വരുത്തിയവർക്ക് എ.ടി.എമ്മിന് സമാനമായ രീതിയുള്ള സ്മാർട്ട് കാർഡായിരിക്കും ലഭിക്കുക. അക്ഷയ കേന്ദ്രങ്ങളിൽ എത്തി കാർഡുകളിൽ തിരുത്തൽ വരുത്തുന്നവർക്ക് താത്കാലികമായി ഇ- കാർഡാണ് നൽകുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് റേഷൻ കടകളിലെ വിവരങ്ങളെല്ലാം സമ്പൂർണമായും ഓൺലൈനിലായത്.

 കാർഡിൽ ബാർകോഡും, ക്യൂ ആർ കോഡും

പോക്കറ്റിൽ കൊണ്ടുനടക്കാൻ സാധിക്കുന്ന കാർഡിൽ ബാർകോഡും, ക്യൂ ആർ കോഡും ഉണ്ടാകും. ഇതുപ്രകാരം എപ്പോൾവേണമെങ്കിലും റേഷൻ കാർഡ് ആവശ്യങ്ങൾക്കായി വിവിധ സ്ഥലങ്ങളിൽ എത്തുമ്പോൾ ഈ ക്യൂ ആർ കോഡോ, ബാർകോഡോ സ്‌കാൻ ചെയ്താൽ മതിയാകും.

 സ്മാർട്ട് കാർഡിൽ

ഉടമയുടെ പേര്, ഫോട്ടോ, വിലാസം തുടങ്ങിയ വിവരങ്ങൾ മുൻവശത്തും പ്രതിമാസ വരുമാനം, റേഷൻകട നമ്പർ, വീട് വൈദ്യുതീകരിച്ചതാണോ, ഗ്യാസ് സിലിണ്ടർ ഉണ്ടോ എന്നീ വിവരങ്ങൾ മറുവശത്തുമാണ് ഉള്ളത്. താലൂക്ക് സപ്ലൈ ഓഫീസിന്റെയും, ജില്ലാ സപ്ലൈ ഓഫീസിന്റെയും, റേഷനിംഗ് ഇൻസ്‌പെക്ടറുടെയും നമ്പരും ഉൾപ്പെടുത്തും.

 ഇന്നലെ വരെ ജില്ലയിൽ ലഭിച്ച അപേക്ഷകൾ (താലൂക്ക് തിരിച്ച്)

1.പാലക്കാട്- 133255
2.ചിറ്റൂർ- 113617
3.ഒറ്റപ്പാലം- 108469
4.മണ്ണാർക്കാട്- 85313
5.ആലത്തൂർ- 104418
6.പട്ടാമ്പി- 114001

Advertisement
Advertisement