പിടിച്ചിട്ട വാഹനങ്ങൾ ലേലം ചെയ്തു; നാദാപുരം പൊലീസ് സ്റ്റേഷൻ വളപ്പ് ഇനി വാഹന ശ്‌മശാനമല്ല

Thursday 14 October 2021 12:02 AM IST
നാദാപുരം പൊലീസ് സ്റ്റേഷൻ വളപ്പിൽ വാഹനങ്ങൾ കാടുമൂടിയ നിലയിൽ.

നാദാപുരം: പതിറ്റാണ്ടുകളായി നാദാപുരം പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ സ്ഥലം മുടക്കികളായ കസ്റ്റഡി വാഹനങ്ങൾക്ക് ശാപമോക്ഷം. 105 വാഹനങ്ങൾ സ്വകാര്യ സ്ക്രാപ്പ് കമ്പനി ലേലത്തിലെടുത്തു. വിവിധ കേസുകളിൽ പൊലീസ് പിടിച്ചെടുക്കുകയും ഉടമസ്ഥരില്ലാതെ കണ്ടുകെട്ടിയതുമായ വാഹനങ്ങളാണ് സ്റ്റേഷൻ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്നത്. വാഹനങ്ങളുടെ ആർ. സി ഉടമകളോട് പിഴ അടച്ച് വാഹനങ്ങൾ സ്റ്റേഷനിൽ നിന്ന് മാറ്റാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ എ.ശ്രീനിവാസിന്റെ മേൽ നോട്ടത്തിൽ പട്ടാമ്പിയിലെ ടീം വൺ സ്ക്രാപ്പ് കമ്പനി സ്റ്റേഷനിലെ 104 ഇരു ചക്ര വാഹനങ്ങളും, ഒരു ഗുഡ്സ് ഓട്ടോറിക്ഷയും 5 ലക്ഷം രൂപയ്ക്ക് ഓൺ ലൈൻ ലേലത്തിലൂടെ സ്വന്തമാക്കിയത്. 1000 രൂപ മുതൽ 13000 ത്തോളം രൂപയാണ് വാഹനങ്ങൾക്ക് വില ലഭിച്ചത്. ലേലത്തിൽ പിടിച്ച വാഹനങ്ങൾ പ്രത്യേക അടയാളമിട്ട് തരം തിരിച്ച് കമ്പനിക്ക് കൈമാറാനുളള നടപടി ആരംഭിച്ചു. മണൽകടത്ത് ഉൾപെടെയുള്ള കേസുകളിൽ പിടികൂടിയ വാഹനങ്ങൾ ലേലം ചെയ്യാനുള്ള നടപടികളും തുടങ്ങി. നാദാപുരം ഉൾപ്പെടെ റൂറൽ ജില്ലയിലെ 17
പൊലീസ് സ്റ്റേഷനുകളിൽ നിന്ന് 435 വാഹനങ്ങളാണ് ലേലത്തിലൂടെ സ്ക്രാപ്പ് കമ്പനികൾ സ്വന്തമാക്കിയത്.

Advertisement
Advertisement