ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി 5%

Thursday 14 October 2021 12:16 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ ഇലക്ട്രിക് മോട്ടോർ സൈക്കിൾ, മോട്ടോർ കാർ, പ്രൈവറ്റ് സർവ്വീസ് വാഹനങ്ങൾ, ത്രീവീലർ എന്നിവയുടെ ഒറ്റത്തവണ നികുതി, വിലയുടെ 5% ആയി നിജപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു, ഇ.ടി.ടൈസന്റെ സബ്മിഷന് മറുപടിയായി നിയമസഭയെ അറിയിച്ചു.

മറ്റു വാഹനങ്ങൾക്ക് 9% മുതൽ 21% വരെയാണ് ഒറ്റത്തവണ നികുതി. 2021 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിൽ രജിസ്‌ട്രേഷൻ തീയതി മുതൽ ആദ്യത്തെ അഞ്ചു വർഷത്തെ തുകയുടെ 50% ഇളവനുവദിച്ചിട്ടുണ്ട്. ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ നികുതി രജിസ്‌ട്രേഷൻ തീയതി മുതൽ ആദ്യത്തെ അഞ്ചു വർഷത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. 3,00,000 രൂപ വരെ വാർഷിക വരുമാനമുള്ള ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ഉടമസ്ഥർക്ക് 30,000 രൂപ സബ്സിഡിയും നൽകുന്നു. ഇലക്ട്രിക് വാഹനങ്ങളെ പെർമിറ്റിൽ നിന്ന് ഒഴിവാക്കി. രജിസ്‌ട്രേഷൻ ഫീസ് ഒഴിവാക്കി കേന്ദ്ര മോട്ടോർ വാഹന ചട്ടം 81ൽ ഭേദഗതി ചെയ്ത് ഉത്തരവിറക്കിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിൽ കെ.എസ്.ആർ.ടി.സിയുടെ ഫീഡർ സർവ്വീസ് തുടങ്ങുന്നതിന് 30 ഇലക്ട്രിക് ഓട്ടോകൾ കെ.ടി.ഡി.എഫ്.സി വഴിയും, രണ്ടാം ഘട്ടത്തിൽ 500 എണ്ണം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലും, മൂന്നാം ഘട്ടത്തിൽ ഇലക്ട്രിക് കാറുകളും ഓട്ടോറിക്ഷകളും പൊതുജനങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും ഉപയോഗത്തിനായി വാങ്ങുമെന്നും മന്ത്രി പറഞ്ഞു.