ഉത്രയെ മൂർഖനെക്കൊണ്ട് കൊത്തിച്ചു കൊന്ന കേസ്, സൂരജിന് ഇരട്ട ജീവപര്യന്തം, 17 വർഷം കഠിന തടവും

Thursday 14 October 2021 12:00 AM IST

കൊല്ലം: മനുഷ്യ മനഃസാക്ഷിയെ നടുക്കിയ ഉത്ര കൊലക്കേസിൽ പ്രതിയായ ഭർത്താവ് സൂരജ് എസ്. കുമാറിന് 17 വർഷം കഠിന തടവും ഇരട്ട ജീവപര്യന്തവും 5.85 ലക്ഷം രൂപ പിഴയും വിധിച്ചു. അഞ്ചൽ സ്വദേശി ഉത്രയെ (25) മൂർഖൻ പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസിലാണ് അടൂർ പറക്കോട് ശ്രീസൂര്യയിൽ സൂരജിനെ (28) കൊല്ലം ആറാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി എം. മനോജ് ശിക്ഷിച്ചത്. ശിക്ഷ പ്രത്യേകം പ്രത്യേകം അനുഭവിക്കണം. കേസ് അപൂർവങ്ങളിൽ അപൂർവമാണെങ്കിലും പ്രതിയുടെ പ്രായവും മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ല എന്നതും കണക്കിലെടുത്താണ് വധശിക്ഷ ഒഴിവാക്കിയതെന്ന് വിധിന്യായത്തിൽ പറഞ്ഞു.

ഉത്രയെ ജീവിതത്തിൽനിന്ന് ഒഴിവാക്കി സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെക്കൊണ്ട് കൊത്തിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ പ്രതിക്ക് വധശിക്ഷയാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. 87 സാക്ഷികളെ വിസ്തരിച്ചു. 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. മൂർഖൻ പാമ്പിനെ ബലം പ്രയോഗിച്ച് കൊത്തിച്ചതാണെന്ന് വ്യക്തമാക്കുന്ന ശാസ്ത്രീയ പരീക്ഷണഫലവും കോടതിയിൽ സമർപ്പിച്ചിരുന്നു.

2020 മേയ് ആറിനു രാത്രിയാണ് ഉത്രയ്ക്ക് പാമ്പുകടിയേറ്റത്. ഏഴിന് രാവിലെ എട്ടോടെ മരിച്ചു. കൊലപ്പെടുത്താനുള്ള സൂരജിന്റെ മൂന്നാമത്തെ ശ്രമത്തിലാണ് ഉത്ര മരിച്ചത്. അറസ്റ്റിലായി 90 ദിവസം തികയുംമുമ്പ് കഴിഞ്ഞ ആഗസ്റ്റ് 14ന് കുറ്റപത്രം സമർപ്പിച്ചതിനാൽ സൂരജ് ജയിലിൽ കിടന്നാണ് വിചാരണ നേരിട്ടത്. കൊല്ലം റൂറൽ എസ്.പി ആയിരുന്ന ആർ. ഹരിശങ്കറിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന എ. അശോകനാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജ്, അഭിഭാഷകരായ കെ. ഗോപീഷ് കുമാർ, സി.എസ്. സുനിൽകുമാർ, എ. ശരൺ എന്നിവർ കോടതിയിൽ ഹാജരായി.

ശിക്ഷ ഇങ്ങനെ

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302 (കൊലപാതകം), 307 (വധശ്രമം), 328 (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. 302 വകുപ്പിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും 307ന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും 328 ന് 10 വർഷം തടവും 25,000 രൂപ പിഴയും 201ന് ഏഴു വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. 17 വർഷം കഠിനതടവ് അനുഭവിച്ചതിനു ശേഷമേ ജീവപര്യന്തം ആരംഭിക്കുകയുള്ളൂവെന്ന് കോടതി പ്രത്യേകം പറഞ്ഞിട്ടുണ്ട്.

ഇ​പ്പോ​ഴ​ത്തെ​ ​വി​ധി​ ​പ്ര​കാ​രം​ ​പ്ര​തി​ ​ജീ​വി​ത​കാ​ലം​ ​മു​ഴു​വ​ൻ​ ​ത​ട​വി​ൽ​ ​ക​ഴി​യേ​ണ്ടി​ ​വ​രും.​ ​അ​പ്പീ​ൽ​ ​പോ​ക​ണ​മോ​യെ​ന്ന് ​സ​ർ​ക്കാ​രു​മാ​യും​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും​ ​ആ​ലോ​ചി​ച്ച് ​തീ​രു​മാ​നി​ക്കും. അ​ഡ്വ.​ ​ജി.​ ​മോ​ഹ​ൻ​രാ​ജ് ​ (​സ്പെ​ഷ്യ​ൽ​ ​പ്രോ​സി​ക്യൂ​ട്ട​ർ)

ഈ​ ​ശി​ക്ഷ​യി​ൽ​ ​തൃ​പ്തി​യി​ല്ല.​ ​വ​ധ​ശി​ക്ഷ​യാ​ണ് ​പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്.​ ​അ​പ്പീ​ൽ​ ​പോ​കു​ന്ന​ ​കാ​ര്യം​ ​ആ​ലോ​ചി​ക്കും. -​മ​ണി​മേ​ഖല ഉ​ത്ര​യു​ടെ​ ​മാ​താ​വ്