കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയെന്ന് പറഞ്ഞതാണ് മാനഹാനി ഉണ്ടാക്കിയതെങ്കിൽ അതിൽ ഗൗരവതരമായ കാര്യമുണ്ട്: വി.എസ് അച്യുതാനന്ദൻ
യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെയുള്ള എ.വിജയരാഘവന്റെ പ്രസംഗത്തിലെ പരാമർശം അനുചിതമായെന്നും എന്നാൽ പ്രസംഗത്തിൽ ഗൗരവതരമായ കാര്യങ്ങളുണ്ടെന്ന വാദവുമായി വി.എസ് അച്യുതാനന്ദൻ രംഗത്തെത്തി. പ്രസംഗത്തിലെ വിഷയങ്ങളെയും യു.ഡി.എഫിന്റെ രാഷ്ട്രീയ നയങ്ങളെയും വിമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
യു.ഡി.എഫ് ഇതൊരു പ്രചാരണ ആയുധമാക്കാൻ ശ്രമിക്കുകയാണെന്നും മറ്റുള്ളവരുടെ വാക്കുകൾ ഇങ്ങനെ വ്യാഖ്യാനിക്കുമ്പോൾ ആശയക്കുഴപ്പം ഉണ്ടാകാതെ നോക്കണമെന്നും അദ്ദേഹം പറയുന്നു. അല്ലാത്ത പക്ഷം ഇത് മലർന്നു കിടന്ന് തുപ്പുന്നതിന് തുല്യമാണെന്നും ഓർമിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
ഫേസ്ബുക്കിന്റെ പൂർണരൂപം...
''പഴയ ഐസ്ക്രീം പാർലർ കേസ് ഏത് രീതിയിൽ അട്ടിമറിച്ചു എന്നതിന്റ നാൾവഴികൾ വെളിപ്പെടുത്തലുകളായും, മൊഴികളായും കുറ്റസമ്മതമായും നമ്മൾ അറിഞ്ഞതാണ്. ആ അട്ടിമറിയെക്കുറിച്ചുള്ള അന്വേഷണവും വഴിമുട്ടിയപ്പോഴാണ് ഞാൻ കോടതിയെ സമീപിച്ചത്.
ആ കേസ് ഇപ്പോഴും അവസാനിച്ചിട്ടില്ല. കോഴിക്കോട് കോടതി മുതൽ സുപ്രീംകോടതി വരെ പോയി, അവസാനം ഇപ്പോൾ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പരിഗണനയിലാണ് ആ കേസ്. അതിനാൽ കേസിന്റെ വിശദാംശങ്ങൾ പറയുന്നില്ല. അടുത്ത ദിവസം കേസ് ഹൈക്കോടതി പരിഗണനയ്ക്ക് വെച്ചിരിക്കുകയാണ്. ഈ കേസ് അട്ടിമറിക്കാനും അന്വേഷണം വഴിമുട്ടിക്കാനുമാണ് യു.ഡി.എഫ് ഇന്നോളവും ശ്രമിച്ചിട്ടുള്ളത്. ഇരകൾക്കൊപ്പമല്ല, വേട്ടക്കാർക്കൊപ്പമാണ് യു.ഡി.എഫ് അതിവേഗം ബഹുദൂരം സഞ്ചരിച്ചത്. കുറ്റസമ്മതം നടത്തിയ ആളും, അതിലൂടെ വെളിപ്പെടുത്തപ്പെട്ട പ്രതിയും നിരപരാധികളാണ് എന്നാണല്ലോ, അവരുടെ വാദം,
ഇതിപ്പോൾ പറയാൻ കാരണമുണ്ട്. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് മാനഹാനിയുണ്ടാക്കുംവിധം എൽ.ഡി.എഫ് കൺവീനറുടെ ഭാഗത്തു നിന്ന് പ്രസംഗ പരാമർശമുണ്ടായി എന്ന വിവാദം നടക്കുകയാണ്. പ്രസംഗ മദ്ധ്യേ ആണെങ്കിൽപ്പോലും, അദ്ദേഹത്തിന്റെ പരാമർശം അനുചിതമായി എന്ന അഭിപ്രായംതന്നെയാണുള്ളത്, എന്നാൽ, യു.ഡി.എഫുകാർ ഇതൊരു തെരഞ്ഞെടുപ്പ് വിഷയമാക്കാനുള്ള പുറപ്പാടിലാണ്. പാണക്കാട് തങ്ങളെ കാണാൻ പോയി എന്ന പരാമർശമല്ല, കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയി എന്ന പരാമർശമാണ് മാനഹാനിയുണ്ടാക്കിയതെങ്കിൽ ആ പരാമർശം ഗൗരവമുള്ളതുതന്നെയാണ്. എൽ.ഡി.എഫ് കൺവീനർ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ജാഗ്രത കാണിക്കണം. എന്നാൽ, ഒരു വ്യക്തിയെ കാണാൽ ഒരു സ്ത്രീ പോയി എന്ന പരാമർശം ആ സ്ത്രീക്ക് മാനഹാനിയുണ്ടാക്കുമെന്ന് യു.ഡി.എഫുകാർ തന്നെ പറയുമ്പോൾ വാസ്തവത്തിൽ ആ വ്യക്തിക്കല്ലേ മാനഹാനിയുണ്ടാവേണ്ടത്? മറ്റുള്ളവരുടെ പ്രസംഗവാക്യങ്ങൾ ഇങ്ങനെയൊക്കെ വ്യാഖ്യാനിച്ചെടുക്കുമ്പോൾ ഇത്തരം ആശയക്കുഴപ്പമുണ്ടാവാതെ നോക്കാൻ യു.ഡി.എഫ് നേതാക്കളും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം, മലർന്നുകിടന്ന് തുപ്പുന്നതുപോലെയായിത്തീരും. തെരഞ്ഞെടുപ്പ് രംഗത്ത് നടക്കേണ്ട രാഷ്ട്രീയ ചർച്ചകൾ വഴിമാറിപ്പോവുകയും ചെയ്യും.''