ബീച്ചിൽ തലവേദനയായി ക്ളോക്ക് ടവർ അവശിഷ്ടം

Thursday 14 October 2021 12:24 AM IST
ക്ളോക്ക് ടവറിന്റെ അവശിഷ്ടം

നീക്കം ചെയ്യാനോ പുനർനിർമ്മിക്കാനോ നടപടിയില്ല

കൊല്ലം: കൊല്ലം ബീച്ചിൽ ഓപ്പൺ എയർ ഓഡിറ്റോറിയത്തിന് മുകളിൽ സ്ഥാപിച്ച ക്ലോക്ക് ടവർ തകർന്നുവീണ് മാസങ്ങൾ പിന്നിട്ടിട്ടും ടവർ നന്നാക്കാനോ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനോ നടപടിയെടുക്കാതെ അധികൃതർ. കൊവിഡ് വ്യാപനം വർദ്ധിച്ചുനിന്ന സമയത്ത് സന്ദർശകർ കുറഞ്ഞ ബീച്ച് വീണ്ടും സജീവമായതോടെ നിലത്ത് വീണു കിടക്കുന്ന ടവറിന്റെ അവശിഷ്ടങ്ങൾ സന്ദർശകർക്ക് ബുദ്ധിമുട്ടാവുകയാണ്. ബീച്ചിലൂടെ നടക്കുന്നവരുടെ കാൽ ടവറിന്റെ അവശിഷ്ടങ്ങളിൽതട്ടി പരിക്കേൽക്കുന്ന സംഭവങ്ങളും പതിവായിട്ടുണ്ട്. ബീച്ചിൽ നിരവധി സാംസ്‌കാരിക പരിപാടികൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള വേദിയാണ് ഓപ്പൺ എയർ സ്റ്റേജ്. സായാഹ്നങ്ങളിൽ ഇവിടെ വിവിധ തരത്തിലുള്ള പരിപാടികൾ പതിവായി നടത്തിയിരുന്നു. കഴിഞ്ഞഭരണസമിതിയുടെ കാലത്താണ് സ്റ്റേജിനുമുകളിൽ ക്ലോക്ക് ടവർ എന്ന ആശയവുമായി ലയൻസ് ക്ലബ്‌ രംഗത്തെത്തിയത്. ടവർ സ്ഥാപിക്കുന്നതിന്റെയും തുടർന്നുണ്ടാവുന്ന അറ്റകുറ്റപ്പണികളുടെയും ഉത്തരവാദിത്വവും അവർ തന്നെയാണ് ഏറ്റെടുത്തത്.

നിലംപൊത്തിയിട്ട് ഏഴു മാസം

കടൽത്തീരത്ത് ഇത്തരത്തിലുള്ള ഒരു നിർമ്മിതി അനുയോജ്യമല്ലെന്ന് അന്നേ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നതായി പറയുന്നു. സ്റ്റേജിന്റെ മുകളിൽ തൂണുകൾ ഉറപ്പിച്ച് അതു ഷീറ്റുകൊണ്ട് മറച്ചാണ് ടവർനിർമ്മിച്ചത്. ഒരുവർഷം കഴിയും മുൻപ് ശക്തമായ കാറ്റിൽ ടവർ നിലം പൊത്തി. ഏഴു മാസം കഴിഞ്ഞിട്ടും ടവർ പുനർനിർമ്മിക്കാനോ അവശിഷ്ടങ്ങൾ നീക്കം ചെയ്യണോ ആരും തയ്യാറായിട്ടില്ല.

ക്ലോക്ക് ടവർ സ്ഥാപിച്ചപ്പോൾ കേടുപാടുകൾ വന്നാൽ അവർ തന്നെ അറ്റകുറ്റപ്പണി നടത്തണമെന്ന് ലയൻസ് ക്ലബുമായി ഒരു കരാറുണ്ടാക്കിയിരുന്നു. പുതുക്കിപ്പണിയുകയോ അവശിഷ്ടങ്ങൾ നീക്കുകയോ വേണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി കൈക്കൊണ്ടിട്ടില്ല. ഇപ്പോൾ വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ല. രജിസ്റ്റേർഡ് നോട്ടീസ് അയച്ചിട്ടുണ്ട്. നടപടി ഇല്ലെങ്കിൽ നഗരസഭ അതു നീക്കം ചെയ്യും.

എൻ. ടോമി, നഗരസഭാ കൗൺസിലർ

Advertisement
Advertisement