ആശ്വാസം! നാണയപ്പെരുപ്പം അഞ്ചു ശതമാനത്തിന് താഴെ

Thursday 14 October 2021 3:50 AM IST
INFLATION

ന്യൂഡൽഹി: റിസർവ് ബാങ്ക് മുഖ്യ പലിശനിരക്ക് പരിഷ്‌കരിക്കാൻ പ്രധാനമായും പരിഗണിക്കുന്ന ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള (റീട്ടെയിൽ) നാണയപ്പെരുപ്പം സെപ്‌തംബറിൽ അഞ്ചുമാസത്തെ താഴ്‌ചയായ 4.35 ശതമാനത്തിലെത്തി. രാജ്യത്ത് നിത്യോപയോഗ വസ്‌തുക്കളുടെ വിലക്കയറ്റത്തിന്റെ തോത് വ്യക്തമാക്കുന്ന റീട്ടെയിൽ നാണയപ്പെരുപ്പം ആഗസ്‌റ്റിൽ 5.30 ശതമാനമായിരുന്നു.

റീട്ടെയിൽ നാണയപ്പെരുപ്പം 4-6 ശതമാനത്തിനുള്ളിൽ നിലനിന്നാൽ, മുഖ്യ പലിശനിരക്ക് ഉയർത്തുന്നതിൽ നിന്ന് റിസർവ് ബാങ്ക് വിട്ടുനിൽക്കും. അടുത്ത ധനനയ നിർണയ യോഗത്തിലും പലിശനിരക്കിൽ മാറ്റമുണ്ടായേക്കില്ലെന്ന സൂചനയാണ് കഴിഞ്ഞമാസത്തെ നാണയപ്പെരുപ്പം നൽകുന്നത്. ആഗസ്‌റ്റിലെ 3.11 ശതമാനത്തിൽ നിന്ന് ഭക്ഷ്യവിലപ്പെരുപ്പം 0.68 ശതമാനത്തിലേക്ക് താഴ്‌ന്നതാണ് കഴിഞ്ഞമാസം ആശ്വാസമായത്. 2020 സെപ്‌തംബറിൽ നാണയപ്പെരുപ്പം 7.3 ശതമാനമായിരുന്നു.

ഉണർവോടെ വ്യവസായം

സമ്പദ്‌വ്യവസ്ഥ കരകയറുന്നുവെന്ന് സൂചിപ്പിച്ച് ആഗസ്‌റ്റിൽ വ്യാവസായിക ഉത്‌പാദന സൂചിക (ഐ.ഐ.പി) ജൂലായിലെ 11.5 ശതമാനത്തിൽ നിന്ന് 11.9 ശതമാനം വളർന്നു. മാനുഫാക്‌ചറിംഗ് (നെഗറ്റീവ് 7.6ൽ നിന്ന് പോസിറ്റീവ് 9.7 ശതമാനം), ഖനനം (-8.7ൽ നിന്ന് 23.6 ശതമാനം) വൈദ്യുതി (-1.6ൽ നിന്ന് 16 ശതമാനം), കാപ്പിറ്റൽ ഗുഡ്‌സ് (-14.4ൽ നിന്ന് 19.9 ശതമാനം) എന്നിവയുടെ തിരിച്ചുവരവാണ് ആഗസ്‌റ്റിൽ നേട്ടമായത്. 2020 ആഗസ്‌റ്റിൽ ഐ.ഐ.പി വളർച്ച നെഗറ്റീവ് 7.1 ശതമാനമായിരുന്നു.

Advertisement
Advertisement