വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; മുഖ്യസാക്ഷി ഉൾപ്പടെ കൂറുമാറി, സി പി എം നേതാവ് സക്കീർ ഹുസൈനെ വെറുതെവിട്ടു

Thursday 14 October 2021 12:03 PM IST

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ സി പി എം നേതാവ് സക്കീർ ഹുസൈൻ ഉൾപ്പടെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. സക്കീർ ഹുസൈനെ കൂടാതെ കറുകപ്പിള്ളി സിദ്ധിഖ്, തമ്മനം ഫൈസൽ, ഷീലാ തോമസ് എന്നിവരായിരുന്നു കേസിലെ പ്രതികൾ. മുഖ്യസാക്ഷി ഉൾപ്പടെയുള്ളവർ കൂറുമാറിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. എറണാകുളം സിജെഎം കോടതിയുടേതാണ് വിധി.

കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നാണ് വിധിയിൽ പറയുന്നത്. ഷീലാ തോമസുമായുള്ള തർക്കങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സക്കീറിന്റെ നിർദേശപ്രകാരം കേസിലെ രണ്ടും മൂന്നും പ്രതികൾ വ്യവസായിയെ തട്ടിക്കൊണ്ടുപോവുകയും, കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ എത്തിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്.

സക്കീർ ഹുസൈൻ ഉൾപ്പടെയുള്ളവർക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, ദേഹോപദ്രവം ഏൽപിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിരുന്നു. 2015 ജൂണിലായിരുന്നു സംഭവം. അന്ന് സക്കീർ ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ പാർട്ടി കമ്മിഷനെ വച്ച് അന്വേഷണം നടത്തിയിരുന്നു. ജാഗ്രതക്കുറവെന്നായിരുന്നു കമ്മിഷന്റെ കണ്ടെത്തൽ.