ആരെ കൂട്ടിവരണമെന്ന് മന്ത്രിയല്ല തീരുമാനിക്കേണ്ടത്,​ മുഹമ്മദ് റിയാസിന് നിയമസഭാ കക്ഷിയോഗത്തിൽ വിമർശനം,​ പ്ലസ് വൺ പ്രവേശനത്തിൽ വിമർശനം നേരിട്ട് ശിവൻകുട്ടി

Thursday 14 October 2021 7:04 PM IST

തിരുവനന്തപുരം: മന്ത്രിമാരായ വി ശിവൻകുട്ടിക്കും മുഹമ്മദ് റിയാസിനും സി പി എം നിയമസഭാ കക്ഷിയോഗത്തിൽ വിമർശനം ഉയർന്നതായി റിപ്പോർട്ട്. പ്ലസ് വണ്‍ പ്രവേശന വിഷയത്തിൽ വി ശിവൻകുട്ടിയ്ക്കും കരാറുകാരെ കൂട്ടി വരരുതെന്ന പരാമർശത്തിൽ മുഹമ്മദ് റിയാസിനുമെതിരെയാണ് വിമർശനമുന്നയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിദ്ധ്യത്തിൽ എ.കെ.ജി സെന്ററിലാണ് നിയമസഭാ കക്ഷി യോഗം ചേർന്നത്. എ പ്ലസ് നേടിയവരുടെ എണ്ണം ഉയർന്നപ്പോൾ അതിന് ആനുപാതികമായി പ്ലസ് വൺ സീറ്റുകൾ ഉണ്ടായിരുന്നോ എന്നാണ് ശിവൻകുട്ടിക്കെതിരെ ഉയർത്തിയ വിമർശനം. ഓരോ ജില്ലകൾക്കും ആവശ്യമായ രീതിയിൽ സീറ്റുകൾ ക്രമീകരിക്കണമെന്ന് എം.എൽ.എമാർ യോഗത്തിൽ നിർദ്ദേശിച്ചു.

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ നടത്തിയ പരാമർശമാണ് എതിർപ്പ് ക്ഷണിച്ച് വരുത്തിയത്. കരാറുകാരുമായി എം.എൽ.എമാർ മന്ത്രിയെ കാണരുതെന്ന പരാമർശം മുഹമ്മദ് റിയാസ് നടത്തിയത് ശരിയായില്ലെന്നായിരുന്നു വിമർശനം. ആരെയൊക്കെ കൂട്ടി കാണാന്‍ വരണമെന്ന് മന്ത്രിയല്ല തീരുമാനിക്കേണ്ടതെന്നും വിമർശനമുയർന്നു. തുടര്‍ഭരണം കിട്ടിയ സാഹചര്യത്തില്‍ എല്ലാവരും കൂടുതല്‍ വിനയാന്വിതരാകണമെന്ന പാര്‍ട്ടി മാര്‍ഗരേഖയും എം,.എൽ.എമാർ ഓർമ്മിപ്പിച്ചു.

തുടർന്ന് സി.പി.എം പാർലമെന്ററി പാർട്ടി സെക്രട്ടറി ടിപി.രാമകൃഷ്ണൻ ഇടപെട്ടു. പിന്നാലെ റിയാസ് തന്റെ പരാമർശത്തിലെ ഉദ്ദേശ്യം യോഗത്തിൽ വിശദീകരിച്ചു.