ഇന്ന് വിജയദശമി, ജ്ഞാനത്തിന്റെ ആദ്യക്ഷരം കുറിച്ച് കുഞ്ഞുങ്ങൾ

Friday 15 October 2021 7:58 AM IST

തിരുവനന്തപുരം: വിജയദശമി ദിനമായ ഇന്ന് ജ്ഞാനത്തിന്റെ ആദ്യക്ഷരം കുറിച്ച് കുഞ്ഞുങ്ങൾ. വിവിധ ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ തന്നെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് മിക്കയിടങ്ങളിലും ചടങ്ങുകൾ നടക്കുന്നത്.

കൊല്ലൂർ മൂകാംബികാ ദേവീ ക്ഷേത്രത്തിൽ ആയിരങ്ങളാണ് വിദ്യാരംഭ ചടങ്ങുകൾക്കായി എത്തിയിട്ടുള്ളത്. ആദ്യക്ഷരം കുറിക്കുന്ന കുട്ടിക്കൊപ്പം രക്ഷിതാക്കളെ മാത്രമേ ചടങ്ങിൽ പങ്കെടുക്കാനനുവദിക്കൂ. കേരളത്തിൽനിന്ന് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് റിപ്പോർട്ടുണ്ടെങ്കിൽ മാത്രമാണ് ക്ഷേത്രത്തിനകത്ത് പ്രവേശനം അനുവദിക്കുന്നത്.

ദക്ഷിണ മൂകാംബികയായ കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ പുലർച്ചെ മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. കുട്ടികളെ മാതാപിതാക്കൾ തന്നെയാണ് എഴുത്തിനിരുത്തുന്നത്. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമാണ് ഇത്തവണ എഴുത്തിനിരുത്താനുള്ള സൗകര്യം. പ്രത്യേക ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്.

തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപം, ആറ്റുകാൽ ദേവീക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, ചോറ്റാനിക്കര ദേവീക്ഷേത്രം, പറവൂർ ദക്ഷിണമൂകാംബിക എന്നിവിടങ്ങളിലും വിദ്യാരംഭത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

Advertisement
Advertisement