നിയമലംഘനങ്ങൾ: പാലക്കാട് റെയിൽവേ ഡിവിഷനിൽ ഈടാക്കിയ പിഴ 5.52 കോടി

Saturday 16 October 2021 12:33 AM IST

  • ദക്ഷിണ റെയിൽവേയിൽ ആകെ പിഴ - 35.47 കോടി
  • രജിസ്റ്റർ ചെയ്ത കേസുകൾ - 7.12 ലക്ഷം

പാലക്കാട്: ട്രെയിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യൽ, ടിക്കറ്റിൽ തിരിമറി, സാധനങ്ങൾ ബുക്ക് ചെയ്യാതെ കൊണ്ടുപോകൽ തുടങ്ങി വിവിധ നിയമ ലംഘനങ്ങൾക്ക് യാത്രക്കാരിൽ നിന്നും പാലക്കാട് റെയിൽവേ ഡിവിഷനിൽ പിഴ ഈടാക്കിയത് 5.52 കോടി രൂപ. ഈ വർഷം ഏപ്രിൽ മുതൽ ഒക്‌ടോബർ 12 വരെയുള്ള കാലയളവിലെ കണക്കാണിത്.

കൊവിഡ് സാഹചര്യത്തിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരെ പിടികൂടാനുള്ള കാമ്പയിനിന്റെ ഭാഗമായാണ് നിയമലംഘനങ്ങൾ കണ്ടെത്തി പിഴയിട്ടത്. ദക്ഷിണ റെയിൽവേയിൽ ആകെ 35.47 കോടി രൂപയാണ് ഇത്തരത്തിൽ പിഴ ഈടാക്കിയത്. 7.12 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തു. ഒക്‌ടോബർ 12ന് മാത്രം 37 ലക്ഷം രൂപയാണ് പിഴയായി ലഭിച്ചത്. ഈ കാലയളവിലെ ഏറ്റവും ഉയർന്ന പ്രതിദിന പിഴ ആണിത്.

ഇതിനുപുറമേ കൊവിഡ് പശ്ചാത്തലത്തിൽ മാസ്‌ക് ധരിക്കാത്തതിന് 32,624 പേരിൽ നിന്നായി 1.63 കോടി രൂപയും പിഴ ഈടാക്കിയതായി റെയിൽവേ അറിയിച്ചു.

വിവിധ ഡിവിഷനുകളിലെ പിഴക്കണക്ക്

  • പാലക്കാട് ഡിവിഷനിൽ - 5.52 കോടി
  • ചെന്നൈ ഡിവിഷനിൽ - 12.78 കോടി
  • തിരുവനന്തപുരത്ത് - 6.05 കോടി
  • മധുര ഡിവിഷനിൽ - 4.16 കോടി
  • സേലം ഡിവിഷനിൽ - 4.15 കോടി
  • തിരുച്ചിറപ്പള്ളി ഡിവിഷനിൽ - 2.81 കോടി

Advertisement
Advertisement