ആയുസിന്റെ പുസ്തകം; ഇംഗ്ലീഷ് പരിഭാഷ ശശി തരൂർ എം.പി പ്രകാശനം ചെയ്‌തു

Saturday 16 October 2021 12:00 AM IST

തിരുവനന്തപുരം: മലയാള സാഹിത്യത്തിൽ നാഴികക്കല്ലായി മാറിയ നോവലാണ് ആയുസിന്റെ പുസ്തകമെന്ന് ശശി തരൂർ എം.പി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ സി.വി. ബാലകൃഷ്ണന്റെ ആയുസിന്റെ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായ 'ദി ബുക്ക് ഒഫ് പാസിംഗ് ഷാഡോസ് " പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂലകഥയുടെ ആത്മാംശം ചോർന്നുപോകാതെയുള്ള പരിഭാഷ വെല്ലുവിളി നിറഞ്ഞതാണ്. ആസ്വാദകരെ തൃപ്തരാക്കുന്ന അത്തരം പരിഭാഷയ്ക്ക് മാത്രമേ കൃതികളുടെ ഔന്നത്യം പ്രകടമാക്കാൻ കഴിയുകയുള്ളുവെന്ന് പരിഭാഷകനായ യേശുദാസനെ അഭിനന്ദിച്ചുകൊണ്ട് തരൂർ പറഞ്ഞു. നിരൂപകൻ ഡോ. പി.കെ. രാജശേഖരൻ അദ്ധ്യക്ഷനായിരുന്നു. ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുസ്‌തകം ഏറ്റുവാങ്ങി. ആയുസിന്റെ പുസ്തകത്തിന് ദീർഘായുസ് മാത്രമല്ല പുനർജന്മം കൂടിയുണ്ടെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. നല്ല വിവർത്തകരില്ലാത്തതാണ് മലയാള കൃതികൾക്ക് ആഗോളശ്രദ്ധ കിട്ടാതെ പോകുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. മലയാളം സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ. ജയകുമാർ, ഗ്രന്ഥകാരൻ സി.വി. ബാലകൃഷ്ണൻ, വിവർത്തകൻ ടി.എം. യേശുദാസൻ, ആർ. പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു. ഡൽഹി നിയോഗി ബുക്‌സ് ആണ് പ്രസാധകർ.