സിൽവർലൈൻ: കൊടിക്കുന്നിലിന്റെ രാപ്പകൽ സമരം ഇന്ന്

Saturday 16 October 2021 12:00 AM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതും അപ്രായോഗികവുമായ സിൽവർലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ വ്യാപകമായി കുടിയൊഴിപ്പിക്കൽ നടത്തുന്നതിൽ പ്രതിഷേധിച്ച് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി മാവേലിക്കര മണ്ഡലത്തിലെ നൂറനാട്ട് ഇന്ന് മുതൽ 18 വരെ 48 മണിക്കൂർ രാപ്പകൽ സമരം നടത്തും.

രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസമായി നടക്കുന്ന രാപ്പകൽ സമരത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വർക്കിംഗ് പ്രസിഡന്റുമാരായ പി.ടി. തോമസ്, ടി. സിദ്ദിഖ്, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, എം.പിമാർ, എം.എൽ.എമാർ, കെ.പി.സി.സി, ഡി.സി.സി, പോഷകസംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

പദ്ധതി സംബന്ധിച്ച് സമഗ്രചർച്ചയ്ക്ക് സംസ്ഥാനത്തെ എം.പിമാരുടെ പ്രത്യേക യോഗം മുഖ്യമന്ത്രി വിളിക്കണമെന്ന് കൊടിക്കുന്നിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നാല് ലക്ഷം കോടിയുടെ കടം നിൽക്കെ 63941 കോടിയുടെ സിൽവർലൈൻ പദ്ധതി നടപ്പാക്കുമ്പോൾ സാമ്പത്തിക ബാദ്ധ്യതയിലേക്ക് കൂപ്പുകുത്തുമെന്നും കൊടിക്കുന്നിൽ ആരോപിച്ചു.