ഐക്യമുന്നണി സർക്കാർ ഭരിച്ച കാലം കേരളത്തിന്റെ സുവർണകാലം: കെ.മുരളീധരൻ,​ ഇന്നത്തെ പല രാഷ്ട്രീയ ചോദ്യങ്ങൾക്കുമുള്ള മറുപടിയാണ് അന്നത്തെ സർക്കാരെന്ന് കാനം

Saturday 16 October 2021 12:00 AM IST

തിരുവനന്തപുരം: സി.അച്ചുതമേനോൻ-കെ.കരുണാകരൻ-സി.എച്ച് കൂട്ടുക്കെട്ടിൽ പിറന്ന ഐക്യമുന്നണി സർക്കാർ ഭരിച്ച കാലം കേരളത്തിന്റെ സുവർണകാലം ആയിരുന്നെന്നും ഇത്രത്തോളം മാദ്ധ്യമങ്ങൾ ഇല്ലാത്തതിനാൽ അന്ന് മുന്നണികളുടെ തമ്മിലടി കുറവായിരുന്നെന്നും കെ.മുരളീധരൻ എം.പി പറഞ്ഞു. ഐക്യമുന്നണി സർക്കാരിന്റെ അരനൂറ്റാണ്ട് മുൻപുള്ള സ്മരണകൾ പുതുക്കി ലീഡർ കെ.കരുണാകരൻ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചടങ്ങിൽ പങ്കെടുത്തത് വളരെ സന്തോഷമുള്ള കാര്യമാണെന്നും മുരളീധരൻ പറഞ്ഞു.

ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയത് കാനമായിരുന്നു.

ഭരണസ്ഥിരതയായിരുന്നു എഴുപതുകളിലെ സർക്കാരിന്റെ പ്രത്യേകത. ജനങ്ങൾക്ക് പ്രിയപ്പെട്ട ഭരണകാലവും കാർഷികമേഖലയ്ക്ക് ഉണർവേകിയ കാലവുമായിരുന്നു ഐക്യമുന്നണി സർക്കാരിന്റേത്. നക്സലൈറ്റ് പ്രസ്ഥാനത്തെ തുടച്ചുനീക്കിയ ആ സർക്കാരിന്റെ കാലത്താണ് ആദ്യമായി കേന്ദ്രസഹകരണത്തോടെ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ട്രെയിൻ സർവീസ് ആരംഭിച്ചത്. ഭാവിയിൽ ബി.ജെ.പി-ആർ.എസ്.എസ് സഖ്യമൊഴികെയുള്ള എന്തിനും ഇടതുവലതു മുന്നണികൾക്ക് സാധിക്കുമെന്നും മുരളീധരൻ പറഞ്ഞു.

കേരളത്തിന്റെ സമഗ്രമായ വികസനത്തിന് അടിത്തറ പാകിയത് ഐക്യമുന്നണി സർക്കാരാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ഇപ്പോഴുള്ള പല രാഷ്ട്രീയ ചോദ്യങ്ങൾക്കുമുള്ള മറുപടിയാണ് അന്നത്തെ ഐക്യമുന്നണി സർക്കാർ. ഇന്ന് നമ്മൾ അഭിമാനത്തോടെ പറയുന്ന കേരള മോഡലിന്റെ അടിസ്ഥാനമെന്നും ആ സർക്കാരിനെ വിശേഷിപ്പിക്കാം. വ്യത്യസ്ത അഭിപ്രായങ്ങളെ പരസ്പരം അംഗീകരിച്ച് മുന്നോട്ടുപോയാൽ ജനാധിപത്യം വിജയിക്കുമെന്നും കാനം പറഞ്ഞു.

സ്റ്റഡി സെന്റർ ജില്ലാ ചെയർമാൻ ബി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കെ.പി.സി.സി അംഗം കെ.മഹേശ്വരൻ നായർ, ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ആർ.ജോഷി, സ്റ്റഡി സെന്റർ ജനറൽ കൺവീനർ വി.ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement