ജില്ലയിൽ വാക്സിനെടുക്കാൻ 1,80,000 കുട്ടികൾ

Friday 15 October 2021 11:48 PM IST

പത്തനംതിട്ട : ജില്ലയിൽ രണ്ട് ലക്ഷത്തോളം കുട്ടികൾ വാക്സിനെടുക്കും. രണ്ട് വയസുമുതൽ 18 വയസുവരെയുള്ളവരിൽ 1,80,000 കുട്ടികളാണ് ഇതുവരെയുള്ള കണക്കിൽ ജില്ലയിൽ വാക്സിനെടുക്കാനുള്ളവർ.

ജില്ലയിലെ വാക്സിനെടുക്കാൻ ഇനി മൂവായിരത്തിൽ താഴെ ആളുകൾ മാത്രമാണുള്ളത്. ഇവരിൽ പലരും അലർജിയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നവരാണ്. രാജ്യത്ത് തദ്ദേശിയമായി വികസിപ്പിച്ച കൊവാക്സിനാണ് കുട്ടികൾക്ക് നൽകുന്നത്. ഇരുപത്തെട്ട് ദിവസത്തെ ഇടവേളയിലാണ് വാക്സിൻ നൽകുന്നത്. വാക്സിൻ ഉപയോഗിച്ച് തുടങ്ങിയതിന് ശേഷം പതിനഞ്ച് ദിവസത്തിനുള്ളിൽ സുരക്ഷാ റിപ്പോർട്ട് സമർപ്പിക്കണം.

ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർക്ക് ഇതുവരെ കുട്ടികളിലെ വാക്സിനുമായി ബന്ധപ്പെട്ട് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ബോധവൽക്കരണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടില്ല.

കുട്ടികൾക്ക് വാക്സിനെടുക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് സമ്മിശ്ര പ്രതികരണമാണുള്ളത്. ആദ്യ ഡോസിനെ തുടർന്നുള്ള ബുദ്ധിമുട്ട് കുട്ടികൾക്ക് നേരിടാനാകുമോയെന്ന ആശങ്കയാണ് പലർക്കും. പരീക്ഷണം നടത്തിയെങ്കിലും എത്രമാത്രം സുരക്ഷിതമാണെന്ന് അധികാരികൾ ഇതുവരെ പൂർണ രൂപം നൽകിയിട്ടില്ല. രണ്ട് വയസിലാണ് കുട്ടികളിൽ പലരോഗങ്ങളും പ്രകടമാകുന്നതും. ഇങ്ങനെയുള്ളവർക്ക് വാക്സിനെടുക്കാൻ കഴിയുമോയെന്നും അധികൃതർ ഉറപ്പ് നൽകിയിട്ടില്ല.

"നിർദേശങ്ങൾ ലഭിക്കുന്നതനുസരിച്ച് മുമ്പോട്ട് പോകും. നിലവിൽ ഉത്തരവോ അറിയിപ്പോ ലഭിച്ചിട്ടില്ല. "

ആരോഗ്യ വകുപ്പ് അധികൃതർ

" സ്കൂൾ ആരംഭിക്കുമ്പോൾ ചെറിയ കുട്ടികളെ എങ്ങനെ സ്കൂളിൽ വിടണമെന്ന് ഇപ്പോഴും അറിയില്ല. അവർക്ക് പറഞ്ഞാൽ മനസിലാവാത്ത കാര്യങ്ങളുണ്ട്. പ്രായമുള്ള കുട്ടികൾക്ക് ചിലപ്പോൾ മനസിലാകും. പക്ഷെ ചെറിയ കുട്ടികൾക്ക് അധികനേരം മാസ്ക് വച്ച് നടക്കാനും മുഴുവൻ സമയം ക്ലാസിൽ ഇരിക്കാനും കഴിയില്ല. "

ഷീനാ ജോർജ്

(രക്ഷിതാവ്)

Advertisement
Advertisement