മലിനജലം ജലാശയങ്ങളിലേക്ക് ഒഴുക്കുന്നവർക്കെതിരെ നടപടി,​ ഇനി സൂക്ഷിച്ചോ

Saturday 16 October 2021 12:11 AM IST
അഴിയൂരിൽ മലിനജലം പൊതു ജലസ്രോതസുകളിലേക്ക് ഒഴുക്കി വിടുന്നത് തടയുന്നതിനുള്ള സ്‌ക്വാഡ് സെക്രട്ടറി ടി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു

വടകര: ജലസ്രോതസുകളിലേക്ക് മലിനജലം ഒഴുക്കിയാൽ ഇനി എട്ടിന്റെ പണി കിട്ടും.

വീടുകൾ,സ്ഥാപനങ്ങൾ,എന്നിവിടങ്ങളിൽ നിന്ന് മലിനജലം പൊതുസ്ഥലങ്ങളിലേയ്ക്ക് ഒഴുക്കി വിടുന്നവർക്കെതിരെ നടപടിയുമായി അഴിയൂർ പഞ്ചായത്ത്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ സംഘം ഫീൽഡ് പരിശോധന നടത്തി. ഹരിത ട്രൈബ്യുണലിന്റെ നിർദ്ദേശപ്രകാരമാണ് നടപടി ആരംഭിച്ചത്. മാഹി റെയിൽവേ സ്റ്റേഷൻ പരിസരം, കക്കടവ്, കോവുക്കൽകടവ്, മാഹി പുഴയോരം,മുക്കാളി റെയിൽവേ സ്റ്റേഷൻ പിറകു വശം ,പൂഴിത്തല ,കീരിത്തോട്,വേണുഗോപാല ക്ഷേത്രപരിസരം എന്നീ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. മലിനജലം പൊതുസ്ഥലത്തു ഒഴുക്കിവിടുന്ന രണ്ട് ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിച്ച് മലിനജല പൈപ്പ് എടുത്തുമാറ്റി. 14 കെട്ടിടഉടമസ്ഥർക്കും മുക്കാളിയിലെ പശുവളർത്തുകേന്ദ്രത്തിനും നോട്ടീസ് നൽകി. 7 ദിവസത്തിനകം മലിനജലം ഒഴുക്കിവിടുന്നത് ഒഴിവാക്കിയില്ലെങ്കിൽ 10000 രൂപ പിഴ ഈടാക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുന്നതാണ്. മുഴുവൻ സൈറ്റും പ്രത്യേക സോഫ്ട്‍വെയറിൽ ഫീൽഡിൽ നിന്ന് രേഖപ്പെടുത്തി തെളിവ് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. കേരള പഞ്ചായത്തീരാജ് നിയമ വകുപ്പ് പ്രകാരം കുറ്റകരമാണ്. ഫീൽഡ് പ്രവർത്തനത്തിന് പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ കെ.സി പ്രസാദ്, ജെ.എച്ച്.ഐ മാരായ സി റീന,കെ ഫാത്തിമ,പഞ്ചായത്തിലെ ഉദോഗസ്ഥരായ സി എച്ച് മുജീബ്റഹ്മാൻ, നിഖിൽകാളിയത്ത്, സി വി ഷീന ,ടെക്നിക്കൽ അസിസ്റ്റന്റ് ടി.പി ശ്രുതിലയ എന്നിവർ സ്‌ക്വാഡിൽ ഉണ്ടായിരുന്നു.

നിയമനടപടി ഇങ്ങനെ

മൂന്നു വർഷമോ, അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കേസ് ആയതിനാലാണു ജാമ്യം ലഭിക്കാതെ വരുന്നത്. ചെറിയ ശിക്ഷ ലഭിച്ചവർക്കു കു​റ്റം ആവർത്തിച്ചാൽ ഒരു വർഷത്തിൽ കുറയാത്ത തടവും ഉറപ്പ്. ജലസംരക്ഷണ നിയമഭേദഗതിയുടെ ഓർഡിനൻസിൽ തടവിനു പുറമെ രണ്ടു ലക്ഷം രൂപ പിഴയും