നന്മണ്ടയിൽ ജനകീയ ശാസ്ത്ര ഗവേഷണ കേന്ദ്രം വരുന്നു

Saturday 16 October 2021 12:12 AM IST

കോഴിക്കോട്: ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നന്മണ്ടയിൽ ശാസ്ത്ര ഗവേഷണ കേന്ദ്രം വരുന്നു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള സാധാരണക്കാരുടെ നൂതന കണ്ടെത്തലുകൾ അവതരിപ്പിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമാണ് 'ലക്ഷ്യ' എന്ന പേരിൽ കേന്ദ്രം തുടങ്ങുന്നത്. കണ്ടെത്തലുകൾക്ക് പ്രോത്സാഹനം നൽകുന്നതിനുള്ള സംവിധാനങ്ങൾ നന്മണ്ട സാക്ഷരതാ ഭവനിൽ ഒരുക്കുന്ന ലക്ഷ്യ കേന്ദ്രത്തിൽ ലഭ്യമാവുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽകുമാർ പറഞ്ഞു.

ബ്ലോക്കിന് കീഴിലുള്ള വിദ്യാലയങ്ങളിലെ ശാസ്ത്രതത്പരരായ കുട്ടികളെ കണ്ടെത്തി പരിശീലനങ്ങൾ നൽകും. കുട്ടികൾക്ക് ശാസ്ത്ര പരീക്ഷണങ്ങൾക്കാവശ്യമായ ഉപകരണങ്ങളും ലക്ഷ്യ കേന്ദ്രത്തിൽ ഒരുക്കും. ഐ.എസ്.ആർ.ഒ, ഐ.ഐ.എം, എൻ.ഐ.ടി, കാലിക്കറ്റ് യൂണിവേഴ്സിറ്റി, ഡയറ്റ് കോഴിക്കോട് എന്നിവയുടെ സഹായം ലഭ്യമാക്കുന്നതിനായി വിദഗ്ദ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ഡയറ്റ് സീനിയർ ലക്ചററും എഡ്യുമിഷൻ കോഴിക്കോട് കോ-ഓർഡിനേറ്ററുമായ യു.കെ അബ്ദുൽ നാസർ, യു.കെ ഷജിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. ബ്ലോക്ക് പരിധിയിൽ വരുന്ന പഞ്ചായത്തുകളിലെള താത്പര്യമുള്ളവർ വാർഡ് മെമ്പർ മുഖേന പേർ രജിസ്റ്റർ ചെയ്യണം.

Advertisement
Advertisement