ആദ്യകാല സി.പി.എം നേതാവ് എ.ജി. തങ്കപ്പൻ നായർ

Saturday 16 October 2021 12:19 AM IST

നെടുമങ്ങാട്: ജില്ലയിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളിൽ പ്രമുഖനും സി.പി.എം മുൻ ജില്ലാ കമ്മിറ്റി അംഗവും നെടുമങ്ങാട് താലൂക്ക് ജോയിന്റ് സെക്രട്ടറിയുമായിരുന്ന ആട്ടുകാൽ പുളിയറത്തല വീട്ടിൽ എ.ജി. തങ്കപ്പൻ നായർ (84) നിര്യാതനായി.

അടിയന്തരാവസ്ഥയിൽ ജയിൽവാസവും പൊലീസ് മർദ്ദനവും നേരിട്ടു. ചന്തസമരം, ട്രാൻസ്പോർട്ട് സമരം, മുടവൻമുകൾ, പഴകുറ്റി കശുഅണ്ടി സമരങ്ങളിലും തോട്ടം തൊഴിലാളി സമരങ്ങളിലും നേതൃത്വം വഹിച്ചു. 1976ൽ പനവൂർ പഞ്ചായത്ത് രൂപീകരണ സമിതി അംഗമായി.

79 ലും 88 ലും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 94 മുതൽ 2008 വരെ ആനാട് ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റായി. ഇക്കാലയളവിൽ ജില്ലയിലെ പ്രമുഖ സഹകരണ ധനകാര്യ സ്ഥാപനമായി ആനാട് ബാങ്ക് വളർന്നു.

ആട്ടുകാൽ കർഷകമിത്രം ഗ്രന്ഥശാല സ്ഥാപകൻ, കേരഫെഡ്, പാലോട് കാർഷിക ബാങ്ക് ഡയറക്ടർ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചു. ഭാര്യ: ശ്യാമള ദേവി. മക്കൾ: ടി.എസ്. സജികുമാർ (സി.പി.എം എൽ.സി മെമ്പർ), ടി.എസ്. ബൈജു (ജില്ലാ സെക്രട്ടറി, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ), ടി.എസ്. ഷീബ (കൺസ്യൂമർഫെഡ്). മരുമക്കൾ: ലതാദേവി (ഓഡിറ്റർ, സഹ.വകുപ്പ്), മഞ്ജു (അദ്ധ്യാപിക), ജയചന്ദ്രൻ നായർ (വിമുക്തഭടൻ).