പറഞ്ഞതിൽ നിന്ന് ഒരടി പിന്നോട്ടില്ല: മന്ത്രി റിയാസ്

Saturday 16 October 2021 12:25 AM IST

എം.എൽ.എമാർ മറ്റു മണ്ഡലങ്ങളിലെ കരാറുകാരുമായി വരരുതെന്നാണ് പറഞ്ഞത്

കോഴിക്കോട്: എം.എൽ.എമാർ കരാറുകാരെ കൂട്ടി തന്നെ കാണാൻ വരരുതെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി.

എം.എൽ.എമാർ മറ്റു മണ്ഡലങ്ങളിലെ കരാറുകാരെയും കൂട്ടി വരേണ്ടതില്ലെന്നാണ് പറഞ്ഞത്. സ്വന്തം മണ്ഡലത്തിലെ കരാറുകാരുമായി എം.എൽ.എമാർ വരുന്നതിൽ തെറ്റില്ല. ചില എം.എൽ.എമാർ മറ്റു മണ്ഡലങ്ങളിലും ഇടപെടുകയാണ്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. അഴിമതിക്കെതിരായ ഇടതുസർക്കാരിന്റെ നിലപാടാണ് താൻ പറഞ്ഞത്. അതിൽ നിന്നു ഒരടി പിറകോട്ടില്ല. പറഞ്ഞത് ദുരുദ്ദേശ്യത്തോടെയല്ലെന്ന് എം.എൽ.എ മാർ മനസ്സിലാക്കണം.

സി.പി.എം നിയമസഭാ കക്ഷിയോഗത്തിൽ അങ്ങനെ വിമർശനമുണ്ടായെന്നത് ശരിയല്ല. താൻ എവിടെയും ഖേദം പ്രകടിപ്പിച്ചിട്ടുമില്ല.

എല്ലാ കരാറുകാരും ഉദ്യോഗസ്ഥരും ഒരു പോലെയാണെന്ന് പറഞ്ഞിട്ടില്ല. നല്ല രീതിയിൽ പ്രവൃത്തി ചെയ്യുന്ന കരാറുകാരുമുണ്ട്. അവരുടെ പ്രശ്‌നങ്ങളിൽ ഇടപെടാറുമുണ്ട്. കഠിനാദ്ധ്വാനം ചെയ്യുന്ന ഉദ്യോഗസ്ഥരുമുണ്ട്. തനിക്കെതിരെ പടപ്പുറപ്പാടെന്ന് കേട്ട് സന്തോഷിക്കുന്നവർക്ക് മാത്രമാണ് ഈ മറുപടിയെന്നും മന്ത്രി പറഞ്ഞു. മന്ത്രി റിയാസ് പറഞ്ഞതിനോട് പ്രതികരിക്കാനില്ലെന്നായിരുന്നു

എ. എൻ. ഷംസീറിന്റെ മറുപടി.