പാർട്ടി മന്ത്രിമാർക്കെതിരെ സി.പി.എമ്മിൽ വിമർശനം

Saturday 16 October 2021 12:27 AM IST

തിരുവനന്തപുരം: പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ലോക്കൽ സമ്മേളനങ്ങളിലേക്ക് സംസ്ഥാന സി.പി.എം കടന്നിരിക്കെ, ചില വകുപ്പുകൾക്കും മന്ത്രിമാരുടെ പ്രവർത്തനങ്ങൾക്കുമെതിരെ ഒളിഞ്ഞും തെളിഞ്ഞും പാർട്ടിക്കകത്ത് ഉയരുന്ന വിമർശനങ്ങൾ സി.പി.എമ്മിനെ വലയ്ക്കുന്നു.

സി.പി.എമ്മിന്റെ കഴിഞ്ഞ നിയമസഭാകക്ഷിയോഗത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ, മറ്റൊരു സംസ്ഥാന കമ്മിറ്റിയംഗമായ എ.എൻ. ഷംസീർ എം.എൽ.എ രംഗത്തെത്തിയതാണ് ഏറ്റവുമൊടുവിൽ വിവാദമായത്. എം.എൽ.എമാർ കരാറുകാരെയും കൂട്ടി മന്ത്രിയെ കാണാൻ വരരുതെന്നാണ് നിയമസഭയിൽ മന്ത്രി റിയാസ് പറഞ്ഞത്. എം.എൽ.എമാർക്കെതിരെ ദുസ്സൂചന നൽകന്നതാണിതെന്നും മണ്ഡലത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എം.എൽ.എമാർക്ക് പലരെയും കൂട്ടി മന്ത്രിയെ കാണാൻ വരേണ്ടിവരുമെന്നും ഷംസീർ വിമർശിച്ചെന്നാണ് വാർത്ത. ഇത് നിഷേധിച്ച മന്ത്രി റിയാസ്, നിയമസഭയിൽ പറഞ്ഞ കാര്യത്തിൽ താനുറച്ചുനിൽക്കുന്നതായും വ്യക്തമാക്കി.

പൊതുമരാമത്ത് വകുപ്പിൽ നിന്ന് കിഫ്ബി വഴിയുള്ള പദ്ധതികൾക്ക് അനാവശ്യ കാലതാമസം വരുന്നുവെന്ന ആക്ഷേപം നേരത്തേ മുതൽ ഭരണകക്ഷിയിൽ ശക്തമാണ്. പത്തനാപുരം മണ്ഡലത്തിലെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കെ.ബി. ഗണേശ് കുമാർ നിയമസഭയിൽ ആഞ്ഞടിച്ചപ്പോൾ, അതിൽ കാര്യമുണ്ടെന്ന് വാദിച്ച് ഗണേശിനെ ഷംസീർ പിന്തുണച്ചു. വ്യവസായവകുപ്പിന് കീഴിലെ ഇൻകെലിനെതിരെ, തിരുവനന്തപുരം മെഡിക്കൽകോളേജ് വികസനക്കാര്യം ഉന്നയിക്കവേ കടകംപള്ളി സുരേന്ദ്രനും കഴിഞ്ഞ ദിവസം വിമർശനമുയർത്തിയിരുന്നു. ഇൻകെൽ ഐ.എ.എസ്സുകാരുടെ താവളമാണെന്ന കടകംപള്ളിയുടെ വിമർശനം മന്ത്രി പി. രാജീവ് കൈയോടെ നിഷേധിച്ചു.

സ്വന്തം മണ്ഡലത്തിലെ കരാറുകാരുമായി എം.എൽ.എമാർ വരുന്നതിൽ തെറ്റില്ലെന്നും മറ്റ് മണ്ഡലങ്ങളിലെ കാര്യത്തിന് വരേണ്ടെന്നുമാണ് താൻ നിയമസഭയിൽ പറഞ്ഞതെന്നാണ് മന്ത്രി റിയാസ് ഇന്നലെ പ്രതികരിച്ചത്. തുടർ ഭരണം കിട്ടിയ സാഹചര്യത്തിൽ എല്ലാവരും കൂടുതൽ വിനയാന്വിതരാകണമെന്ന പാർട്ടി മാർഗരേഖയുള്ളപ്പോൾ, അഹങ്കാരത്തോടെ മറുപടി പറയുന്നത് ശരിയല്ലെന്ന് ഷംസീർ നിയമസഭാകക്ഷിയോഗത്തിൽ തുറന്നടിച്ചെന്നാണ് വിവരം. മന്ത്രി ഒന്നും പറഞ്ഞില്ല. അഴിമതിക്കുള്ള സാഹചര്യം ഒഴിവാക്കാനാകണം മന്ത്രി അങ്ങനെ പറഞ്ഞതെന്ന് യോഗത്തിൽ അദ്ധ്യക്ഷനായിരുന്ന സി.പി.എം നിയമസഭാകക്ഷി സെക്രട്ടറി ടി.പി. രാമകൃഷ്ണൻ അപ്പോൾ ചൂണ്ടിക്കാട്ടി. പുതിയ അംഗങ്ങൾ നിയമസഭയിൽ കാര്യങ്ങൾ പഠിച്ചു പറയണമെന്ന് പാർലമെന്ററികാര്യമന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. പരമാവധി കാര്യങ്ങൾ പഠിച്ചാണ് സംസാരിക്കുന്നതെങ്കിലും ചില മന്ത്രിമാരുടെ ഓഫീസിൽ നിന്ന് വേണ്ടത്ര വിവരങ്ങൾ കിട്ടുന്നില്ലെന്ന് കെ.വി. സുമേഷും പരാതിപ്പെട്ടു.