ചൊവ്വാഴ്ച വരെ ശക്തമായ മഴ
Saturday 16 October 2021 12:30 AM IST
തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ട പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ചൊവ്വാഴ്ചവരെ ശക്തമായ മഴയ്ക്ക് സാദ്ധ്യത. മദ്ധ്യ വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുക. തെക്കൻ ജില്ലകളിൽ വൈകിട്ട് ഇടത്തരം മഴയായിരിക്കും. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് മലപ്പുറത്തും കോഴിക്കോട്ടും ഓറഞ്ച് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനവും പാടില്ല. തീരദേശ പൊലീസിനും അഗ്നിശമന സേനയ്ക്കും റവന്യു, പൊലീസ്, തദ്ദേശ, ഫിഷറീസ്, ജലസേചന, വൈദ്യുതി വകുപ്പുകൾക്കും പ്രത്യേക ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.