കറികൾ കയ്ക്കും, തീപിടിച്ച് പച്ചക്കറി വില
കൊച്ചി: തക്കാളി, ബീൻസ്, അച്ചിങ്ങപ്പയർ, മുരിങ്ങയ്ക്ക തുടങ്ങിയ ഇനങ്ങൾക്ക് വിപണിയിൽ തീവില. രണ്ടാഴ്ചയ്ക്കുള്ളിലാണ് പഴുത്ത തക്കാളിക്ക് വില കൂടിയത്. എറണാകുളം മൊത്ത മാർക്കറ്റിൽ ഇന്നലെ തക്കാളിക്ക് 55 രൂപയായിരുന്നു. ചില്ലറ വിപണിയിൽ 70-75 രൂപ വരെയെത്തി. രണ്ടാഴ്ച മുൻപ് തക്കാളിക്ക് 25–30 രൂപ വരെയായിരുന്നു. പച്ച തക്കാളിക്ക് കിലോയ്ക്ക് 20–25 രൂപ. മുരിങ്ങയ്ക്ക കിലോയ്ക്ക് 60 രൂപയ്ക്കാണ് ഇന്നലെ വിറ്റത്. ചില്ലറ വിപണിയിൽ 80 രൂപയായി. ഒരാഴ്ച മുൻപ് ഇത് 40 രൂപയായിരുന്നു. ബീൻസിന്റെ വില ഉയരങ്ങളിലേക്കാണ്. മൊത്ത മാർക്കറ്റിൽ 65 രൂപയും ചില്ലറ വിപണിയിൽ 80-85 രൂപയ്ക്കുമായിരുന്നു ബീൻസ് വില്പന. വെറും 20 രൂപയ്ക്ക് കഴിഞ്ഞ മാസം വിറ്റിരുന്ന അച്ചിങ്ങ പയറിനും ഇപ്പോൾ വില കൂടി. 60-65 രൂപയായിരുന്നു മൊത്ത മാർക്കറ്റിലെ വില. ചില്ലറ വിപണിയിൽ ഇത് 80-85 വരെയായി. പാവയ്ക്ക, കോവയ്ക്ക എന്നിവയ്ക്കും നേരിയ തോതിൽ വില ഉയർന്നു.
മഴ ശക്തമായതും ഉത്പാദനത്തിലെ കുറവും ഇന്ധനവില ഉയർന്നതുമാണ് പച്ചക്കറികൾക്ക് വില ഉയരാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു. പൂനെ, കർണ്ണാടകയിലെ ഹുബ്ളി, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്നാണ് സവാളയുടെ വരവ്. ഏറ്റവും ഗുണമേൻമയുള്ളത് മഹാരാഷ്‌ട്രയിലേതിനാണ്. എന്നാൽ ആഭ്യന്തര വിമാന സർവീസ് ആരംഭിച്ചതോടെ ഇതിന്റെ കയറ്റുമതി തുടങ്ങിയതും സവാള ക്ഷാമത്തിന് കാരണമായി. ഇതും വിലവർദ്ധനയിലേക്ക് നയിച്ചു.
കൊവിഡ് വ്യാപനം പച്ചക്കറി ഉത്പാദനത്തെയും പ്രതികൂലമായി ബാധിച്ചു. തൊഴിലാളികളുടെ ദൗർലഭ്യവും രോഗവ്യാപനവം മൂലം പല സ്ഥലങ്ങളിലും കൃഷി മുടങ്ങി. ഉത്പ്പാദന ചെലവ് കിട്ടാതായതോടെ പയർ, തക്കാളി തുടങ്ങി പല ഇനങ്ങളും കർഷകർ ഇത്തവണ കൃഷി ചെയ്തില്ല. ഇതോടെ പച്ചക്കറിവരവ് കുറഞ്ഞു. സീസൺ കഴിഞ്ഞതിനാലാണ് മുരിങ്ങക്കയുടെ വില വർദ്ധിച്ചതെന്ന് കച്ചവടക്കാർ പറഞ്ഞു.