നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും മീറ്റ് ആൻഡ് ഗ്രീറ്റ് സർവീസ്

Saturday 16 October 2021 12:35 AM IST

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിപുലമായ സൗകര്യങ്ങളോടെ മീറ്റ് ആൻഡ് ഗ്രീറ്റ് സർവീസ് പുനസ്ഥാപിച്ചതോടെ പ്രായമായവർക്കും ഗർഭിണികൾക്കും കുട്ടികൾക്കുമെല്ലാം ഇനി പേടി കൂടാതെ തനിച്ചും വിമാന യാത്ര നടത്താം. ലോക്ഡൗൺ ഇളവുകളെ തുടർന്ന് കൂടതൽ വിമാനങ്ങൾ സർവീസ് ആരംഭിച്ചതോടെ നെടുമ്പാശേരി വിമാനത്താവളം കൂടുതൽ യാത്രാസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനം.

ഇരു ടെർമിനലുകളിലും സേവനം ലഭ്യമാണ്. നേരത്തെ ഇവിടെ സേവനം ഉണ്ടായിരുന്നെങ്കിലും കൊവിഡിനെ തുടർന്ന് നിർത്തിയിരിക്കുകയായിരുന്നു. ഒട്ടേറെ പുതുമകളോടെയും സൗകര്യങ്ങളോടെയുമാണ് പുനസ്ഥാപിച്ചത്. വിമാനത്താവളത്തിൽ വന്നിറങ്ങുന്നതു മുതൽ വിമാനത്തിൽ കയറുന്നതു വരെയുള്ള സേവനങ്ങൾ ലഭ്യമാണ്. ആഭ്യന്തര - അന്താരാഷ്ട്ര യാത്രക്കാർക്കെല്ലാം സേവനം ലഭിക്കുമെങ്കിലും രാജ്യാന്തര ടെർമിനലിൽ വിദേശത്ത് നിന്നെത്തുന്നവർക്ക് കുറച്ചുകൂടി കാത്തിരിക്കണം. ബാഗേജ് അസിസ്റ്റൻസ്, ചെക്ക്–ഇൻ, ചെക്ക്–ഔട്ട്, ഫീൽ സേഫ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലുള്ള സേവനങ്ങൾ ലഭിക്കും. ബാഗേജ് അസിസ്റ്റൻസ് വിമാനത്താവളത്തിൽ വന്നിറങ്ങുന്നവർക്ക് കാറിൽ നിന്ന് ബാഗേജ് എടുത്ത് ചെക്ക്–ഇൻ ചെയ്യുന്നത് വരെയുള്ള സേവനത്തിന് ഇരു ടെർമിനലുകളിലും 300 രൂപ വീതമാണ് ഫീസ്.

ചെക്ക്–ഇൻ ചെയ്യാനും സഹായം ലഭിക്കും. യാത്ര പുറപ്പെടാനെത്തുന്നവർ വിമാനത്താവളത്തിൽ എത്തിച്ചേരുമ്പോഴും യാത്ര കഴിഞ്ഞ് എത്തിയവർ വിമാനത്തിൽ നിന്നിറങ്ങി ടെർമിനലിൽ എത്തുമ്പോഴും കമ്പനി പ്രതിനിധിയെത്തി സ്വീകരിക്കും. തുടർന്ന് നടപടികൾ പൂർത്തിയാക്കി യാത്രക്കെത്തുന്നവരെ സെക്യൂരിറ്റി ഏരിയായിലും യാത്ര കഴിഞ്ഞെത്തുന്നവരെ കാറിനരികിലും ബാഗേജ് സഹിതം എത്തിക്കും. രാജ്യാന്തര ടെർമിനലിൽ 1000 രൂപയും ആഭ്യന്തര ടെർമിനലിൽ 750 രൂപയുമാണ് ഒരാൾക്ക് നിരക്ക്.

ഫീൽ സേഫ് പദ്ധതിയനുസരിച്ച് വിമാനത്താവളത്തിലെത്തുന്നവരെ പ്രത്യേകം സ്വീകരിച്ച് ബാഗേജ് എടുത്ത് ബോർഡിങ് ഗേറ്റ് വരെയോ കാറിനരികിലോ എത്തിക്കുന്നതു വരെ സഹായി കൂടെയുണ്ടാകും. കാറിനരികിൽ നിന്ന് മുതൽ ബോർഡിങ് ഗേറ്റ് വരെയും ബോർഡിങ് ഗേറ്റ് മുതൽ കാറിനരികിൽ വരെയുമാണ് ഈ സേവനം. രാജ്യാന്തര ടെർമിനലിൽ 3000 രൂപയും ആഭ്യന്തര ടെർമിനലിൽ 2500 രൂപയുമാണ് നിരക്ക്.

സിയാലിനു വേണ്ടി സ്പീഡ് വിങ്‌സ് എയർ സർവീസ് ആണ് മീറ്റ് ആൻഡ് ഗ്രീറ്റ് എന്ന പേരിൽ സേവനങ്ങൾ ലഭ്യമാക്കുന്നത്.

സേവനം 3 തരം

 ചെക്ക്–ഇൻ ചെയ്യുന്നത് വരെയുള്ള സേവനത്തിന് : 300 രൂപ (ഇരുടെർമിനലുകളിലും)

 യാത്ര കഴിഞ്ഞെത്തുന്നവർക്കുള്ള സേവനം: 1000 രൂപ(രാജ്യാന്തര ടെർമിനലിൽ), 750 രൂപ ( ആഭ്യന്തര ടെർമിനലിൽ)

 വാഹനം ടു ബോർഡിങ് ഗേറ്റ് (തിരിച്ചും): 3000 രൂപ (രാജ്യാന്തര ടെർമിനലിൽ), 2500 രൂപ ( ആഭ്യന്തര ടെർമിനലിൽ)

Advertisement
Advertisement