പൊതുസ്ഥലങ്ങളിൽ ഇനി മാസ്‌ക് വയ്‌ക്കേണ്ട, സാമൂഹിക അകലവും വേണ്ട; നാളെ മുതൽ കൊവിഡ് ഇളവുകളുമായി സൗദി അറേബ്യ

Saturday 16 October 2021 12:41 AM IST

റിയാദ്: പൊതു ഇടങ്ങളിലും സിനിമാ തീയേറ്ററുകളിലും പൊതുഗതാഗതത്തിനും മാസ്‌ക് വേണ്ട, സാമൂഹിക അകലം വേണ്ട എന്നിങ്ങനെ കൊവിഡ് നിയന്ത്രണങ്ങളിൽ ഒരു പിടി പുതിയ ഇളവുകൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. പുതിയ ഇളവുകൾ ഞായറാഴ്‌ച മുതൽ നിലവിൽ വരും.

ഹോട്ടലുകൾ ഹാളുകൾ എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളിലും ആളുകൾക്ക് ഇരിക്കാം. സാമൂഹിക അകലം വേണ്ട.തുറന്ന ഇടങ്ങളിലാണ് ഈ ഇളവുകളുള‌ളത്. അടച്ചിട്ട ഹാളുകളിൽ സാമൂഹിക അകലവും മാസ്‌കുമുൾപ്പടെ കൊവിഡ് പ്രോട്ടോകോളുകളെല്ലാം പാലിച്ചേ മതിയാകൂ. മതിയായ കാറ്റ് കടക്കാത്തയിടങ്ങളിലെല്ലാം ഇത് ബാധകമാണ്.

നിലവിൽ സൗദി ഭരണകൂടം നിഷ്‌കർഷിച്ച വാക്‌സിൻ രണ്ട് ഡോസും എടുത്തവർക്ക് പൊതുയിടങ്ങളിൽ സഞ്ചരിക്കാനും പൊതുഗതാഗതം ഉപയോഗിക്കാനും എല്ലാം ഇളവുണ്ട്. ഇവർക്കാണ് സാമൂഹിക അകലത്തിലും മാസ്‌ക് ഉപയോഗത്തിനും പുതിയ ഇളവ് ബാധകമാകുക. തവക്കൽന ആപ്പിലെ ആരോഗ്യ പരിശോധനകൾ നടക്കാത്തയിടങ്ങളിൽ എന്നാൽ നിബന്ധനകൾ തുടരും.

മക്കയിലും മദീനയിലും തീർത്ഥാടനത്തിനെത്തുന്ന എല്ലാ വിശ്വാസികൾക്കും ഇനിമുതൽ പ്രവേശനം അനുവദിക്കും. എന്നാൽ തീർത്ഥാടകരും ജോലിക്ക് എത്തുന്നവരും മാസ്‌ക് ധരിക്കണമെന്നത് നിർബന്ധമാണ്. മക്ക, മദീന ആരാധനാലയങ്ങളിൽ പ്രവേശനം പെർമി‌റ്റ് മുൻകൂട്ടി എടുത്തവർക്കും രണ്ട് ഡോസ് വാക്‌സിനെടുത്ത വിവരം തവക്കൽന ആപ്പിലൂടെ കാണിക്കുന്നവ‌ർക്കും മാത്രമാകും.

തവകൽന ആപ്പ് കാണിക്കുന്നവർക്ക് മാത്രമേ സൗദിയിൽ പൊതു, സ്വകാര്യ ഓഫീസുകളിൽ പ്രവേശനമുള‌ളു. അല്ലാത്തവർക്ക് പ്രവേശനം നിയമവിരുദ്ധമാണ്. എന്നാൽ സൗദിയിലേക്ക് ഇന്ത്യയിൽ നിന്നും വരുന്നവർക്ക് പ്രവേശനം അനുവദിക്കുന്ന കാര്യത്തിൽ ഇപ്പോഴും വിവരങ്ങൾ ലഭ്യമല്ല. വിമാനകമ്പനികൾക്ക് ഉടൻ അനുമതി പ്രഖ്യാപിക്കും എന്ന പ്രത്യാശയിൽ തന്നെയാണ് പ്രവാസികളായ ഇന്ത്യക്കാർ.