മൂകാംബിക സന്നിധിയിൽ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ

Saturday 16 October 2021 1:01 AM IST
കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങ്.

കൊല്ലൂർ: കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ കൊല്ലൂർ ശ്രീ മൂകാംബിക ദേവീ ക്ഷേത്രത്തിൽ നവരാത്രി ഉത്സവച്ചടങ്ങുകൾ നടന്നു. ഇന്നലെ പുലർച്ചെ നാലിന് നട തുറന്നതോടെ തുടങ്ങിയ വിദ്യാരംഭ ചടങ്ങുകൾ 11വരെ നീണ്ടു. സാമൂഹ്യ അകലം പാലിച്ചായിരുന്നു ചടങ്ങ്. കുഞ്ഞുങ്ങളെയും രക്ഷിതാക്കളെയും മാത്രമാണ് സരസ്വതീ മണ്ഡപത്തിലേക്ക് കടത്തിവിട്ടത്. രക്ഷിതാക്കളെ നിരയായി ഇരുത്തി കാർമ്മികരുടെ ഇരിപ്പിടം അല്പം ദൂരെയാക്കി മൈക്കിലൂടെയാണ് ഹരിശ്രീ എഴുതിക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയത്. 72 മണിക്കൂറിനകം എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തിയ ഭക്തർക്ക് മാത്രമാണ് ദർശനത്തിന് അനുമതി നൽകിയത്.

മഹാനവമി നാളിൽ വൈകിട്ട് സന്ധ്യാ ദീപാരാധനയെ തുടർന്ന് നടന്ന രഥോത്സവത്തിലും ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യകാർമ്മികരും ക്ഷേത്രം അധികാരികളും ജീവനക്കാരും ചേർന്നാണ് ദേവിയുടെ രഥം വലിച്ചത്. രഥോത്സവ ചടങ്ങുകൾക്ക് മുഖ്യതന്ത്രി ഡോ. കെ. രാമചന്ദ്ര അഡിക കാർമ്മികത്വം വഹിച്ചു.

Advertisement
Advertisement