മാനം കറുത്താൽ പാലങ്ങളിൽ വെള്ളക്കെട്ട്!

Saturday 16 October 2021 1:50 AM IST
ആർ.ഒ.ബി പാലത്തിലെ വെള്ളക്കെട്ട്

കൊല്ലം: കനത്ത മഴ പെയ്യാനുള്ള സാദ്ധ്യത ഉണ്ടെങ്കിൽപ്പോലും നഗരത്തിലെ പാലങ്ങളിൽ വെള്ളക്കെട്ടുണ്ടാവുന്ന അവസ്ഥ! ഡ്രെയിനേജ് തകരാർ മൂലം വെള്ളം കെട്ടിനിൽക്കുന്നത് പാലങ്ങളുടെ ബലക്ഷയത്തിന് കാരണമാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല. പാലത്തിൽ വെള്ളക്കെട്ടുണ്ടായ ഭാഗങ്ങളിൽ കോൺക്രീറ്റ് അടർന്നുമാറി കുഴികൾ രൂപപ്പെട്ടു. ഈ ഭാഗങ്ങളിൽ മഴക്കാലത്ത് ഗതാഗതക്കുരുക്കും രൂക്ഷമാണ്.

 ഇരുമ്പ് പാലം

ഇരുമ്പ് പാലത്തിന് സമാന്തരമായി പുതിയ പാലം പൂർത്തിയാക്കിയതിന് തൊട്ടടുത്ത വർഷം തന്നെ പാലത്തിലെ ഡ്രയിനേജ് പൈപ്പുകൾ തകരാറിലായിരുന്നു. പാലത്തിന്റെ കിഴക്ക് ഭാഗത്ത് അപ്പ്രോച്ച് റോഡ് ചേരുന്നയിടത്ത് വെള്ളക്കെട്ട് പതിവാണ്. കെട്ടിനിൽക്കുന്ന വെള്ളം ഒഴുകിമാറാൻ മതിയായ സംവിധാനം ഇല്ലാത്തതിനാൽ മഴ പെയ്തുതോർന്ന് മണിക്കൂറുകൾ കഴിഞ്ഞാലും ഇവിടം വെള്ളക്കെട്ടായിരിക്കും. വേഗത്തിൽ വരുന്ന വാഹനങ്ങൾ വെള്ളം തെറിപ്പിക്കുമ്പോഴാണ് പലപ്പോഴും ഗട്ടർ തെളിയുന്നത്! പാലത്തിന് മുകളിൽ ഇരുവശങ്ങളിലുമായി താഴേക്ക് വെള്ളം ഒഴുകിമാറാൻ നിരവധി ഡ്രെയിനേജ് പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം മണ്ണടിഞ്ഞ് അടഞ്ഞതുമൂലം പാലത്തിൽ പല ഭാഗങ്ങളിലും സമാനമായരീതിയിൽ വെള്ളക്കെട്ടുണ്ടാകുന്നുണ്ട്.

 ആർ.ഒ.ബി പാലം

എ.ആർ ക്യാമ്പിന് സമീപത്തെ ആർ.ഒ.ബി പാലത്തിൽ വെള്ളക്കെട്ട് വശങ്ങളിലൊന്നുമല്ല, ഒത്ത നടുക്കാണ്! വെള്ളക്കെട്ടു മാത്രമല്ല, ഒന്നാം തരം കുഴിയും രൂപപ്പെട്ടിട്ടുണ്ട്. പാലത്തിൽ അവിടവിടെയായി ഇങ്ങനെ ആഴമുള്ള കുഴികൾ രൂപപ്പെട്ടിട്ടുള്ളതിനാൽ ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർ വലയുകയാണ്. പാലത്തിന്റെ സ്പാനുകൾ തമ്മിലുള്ള അകലത്തിൽ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് പട്ടകൾ പൂർണ്ണമായി തെളിയുകയും അവയ്‌ക്കൊപ്പമുള്ള ഭാഗത്ത് കുഴികൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. പുതുതായി നിർമ്മിച്ച് തുറന്നുകൊടുത്ത ശേഷം ഒരുവർഷത്തിനിടെ അറ്റകുറ്റപ്പണികൾക്കായി അടച്ച പാലം കൂടിയാണിത്. നിർമ്മാണത്തിൽ ക്രമക്കേടുണ്ടായെന്ന് അന്ന് ആരോപണം ഉയർന്നെങ്കിലും കൃത്യമായ അന്വേഷണങ്ങളൊന്നും നടന്നിരുന്നില്ല.

Advertisement
Advertisement